പാരസെറ്റമോളിൽ കമ്പി കഷ്ണം
□ഗുളിക ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയത്
പാലക്കാട്: മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാരസെറ്റാമോളിൽ നിന്ന് കമ്പി കഷ്ണം കിട്ടിയെന്ന് പരാതിയുമായി കുടുംബം. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിയ പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടത്.
പനിയായിരുന്ന കുട്ടിക്ക് പകുതി കഴിക്കാൻ മരുന്ന് രണ്ടാക്കിയപ്പോഴാണ് കമ്പി കണ്ടത്. മരുന്ന് കമ്പനിക്കെതിര മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകി. നടന്നത് വലിയ അനാസ്ഥയാണെന്നും സർക്കാരിന്റെ കീഴിലുള്ള കെ.എം.സി.എൽ എന്ന കമ്പനിയാണ് മരുന്ന് നിർമ്മിക്കുന്നതെന്നും നഗരസഭ ചെയർമാൻ അറിയിച്ചു. ഡി.എം.ഒയുടെ നിർദ്ദേശ പ്രകാരം മണ്ണാർക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. ഗുളികയുടെ വിതരണം എവിടെ നിന്ന്, സ്റ്റോക്ക് ഉൾപ്പെടെ കാര്യങ്ങൾ പരിശോധിക്കും.