പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കും

Thursday 19 June 2025 12:21 AM IST

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശനമായ പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കാൻ സർക്കാർ. ഇതിനായി പരിശോധനകൾ കർശനമാക്കാൻ തദ്ദേശ വകുപ്പ് തീരുമാനം. 10 മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വിവാഹ ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയവയിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാൻ എൻഫോഴ്സ്‌മെന്റ് ശക്തിപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും.

മന്ത്രി എം.ബി.രാജേഷ് തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമയുമായി ചർച്ച നടത്തി. കോടതി ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 23ന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ചേരുന്ന തദ്ദേശ വകുപ്പിന്റെ കോർ കമ്മിറ്റി യോഗം ഇക്കാര്യവും ചർച്ചചെയ്യും.

സംസ്ഥാനത്ത് വിവാഹച്ചടങ്ങുകളിലും ആൾക്കൂട്ട പരിപാടികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും പലതരത്തിലുള്ള പ്രതിഷേധങ്ങൾ കാരണം തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നോട്ടു പോകാനായിരുന്നില്ല. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഇനി പ്രതിഷേധങ്ങളെ മറികടക്കാം.

നിരോധിച്ചത്

രണ്ട് തവണ!

സംസ്ഥാനത്ത് ഇതിനകം പ്ലാസ്റ്റിക് നിരോധനത്തിനായി രണ്ട് ഉത്തരവുകളുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വില്പനയും സൂക്ഷിക്കലും 2020 ജനുവരി മുതൽ നിരോധിച്ചതാണ്. പ്ലാസ്റ്റിക് നിർമ്മാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിടവില്പനക്കാർ എന്നിവർക്ക് 10,000 രൂപയാണ് പിഴ. ലംഘിച്ചാൽ 25,000 രൂപ പിഴ. തുടർന്നും ലംഘിച്ചാൽ 50,000 രൂപ പിഴയീടാക്കാനും, സ്ഥാപനത്തിന്റെ പ്രവർത്താനുമതി റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

പരിശോധനകളും പിഴ ഈടാക്കലും പാളിയത് കൊവിഡ് എത്തിയതോടെയാണ്. 2021 ജൂലായ് ഒന്നിന് കേന്ദ്ര വിജ്ഞാപനത്തെ തുടർന്നും നിരോധിച്ചിരുന്നു. ഇതുപ്രകാരം വ്യക്തികൾക്കും വീടുകൾക്കും പിഴ 500 രൂപയാണ്. സ്ഥാപനമായാൽ 5000. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയുമുണ്ട്.