യു.ഡി.എഫ് വന്നാൽ ആശമാരുടെ വേതനം വർദ്ധിപ്പിക്കും: സതീശൻ

Thursday 19 June 2025 12:22 AM IST

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യത്തെ തീരുമാനം ആശമാരുടെ വേതനം വർദ്ധിപ്പിക്കലായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ന്യായമായ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ മറക്കുന്നവരെ കേരളം പാഠം പഠിപ്പിക്കും. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന രാപകൽ സമരയാത്രയുടെ സമാപനംകുറിച്ചുള്ള മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണത്തിലിരിക്കുന്നവർ ചിത്രീകരിച്ചതുപോലെ മാവോയിസ്റ്റുകളായാലും അർബൻ നക്സലുകളായാലും പ്രതിപക്ഷം ആശമാർക്കൊപ്പമാണ്. സോഷ്യൽ മീഡിയയിൽ ആശമാരെ അശ്ലീലം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

രാവിലെ 10.30ന് പി.എം.ജിയിൽ നിന്നാരംഭിച്ച മഹാറാലിയിൽ നൂറുകണക്കിന് ആശമാരും കുടുംബാംഗങ്ങളും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. ആശമാരുടെ ജീവിതം ആസ്പദമാക്കി വൈറ്റ്‌ റോസ് എന്ന സാംസ്‌കാരിക കൂട്ടായ്മ 'ആശാഭരിതം' എന്ന തെരുവ് നാടകം അവതരിപ്പിച്ചു.

ജാഥാ ക്യാപ്ടൻ എം.എ. ബിന്ദുവിനെ പ്രതിപക്ഷനേതാവ് പൊന്നാടയണിയിച്ച് ആദരിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി, ഗാന്ധിയൻ എം.പി.മത്തായി, എം.എൽ.എമാരായ എം.കെ.മുനീർ,​ മാത്യു കുഴൽനാടൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, എഴുത്തുകാരി ജെ.ദേവിക, ബി.ജെ.പി നേതാവ് വി.വി.രാജേഷ്, കെ.പി.റോസമ്മ, ജയ്സൺ ജോസഫ്, കുസുമം ജോസഫ്, ജോസഫ് എം.പുതുശ്ശേരി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ശബരീനാഥൻ,​ ഷാനിമോൾ ഉസ്മാൻ, ഫാ.റൊമാൻസ് ആന്റണി, ഡി.സുരേന്ദ്രനാഥ്, ബിന്ദുകൃഷ്ണ, എൻ.സുബ്രഹ്മണ്യൻ, പി.ഇ ഉഷ, വി.പി.സുഹറ, എം.ഷാജർഖാൻ തുടങ്ങിയവർ സംസാരിച്ചു.