എബിൻ റോസ് ത്രിപുര ക്ളബിന്റെ കോച്ചാകുന്നു

Wednesday 18 June 2025 10:34 PM IST

തിരുവനന്തപുരം : മുൻ കേരള സന്തോഷ്ട്രോഫി താരവും കോവളം എഫ്.സി ഫുട്ബാൾ ക്ളബിന്റെ മുഖ്യപരിശീലകനുമായ എബിൻ റോസ് ത്രിപുരയിലെ മുൻനിര ക്ളബായ ഫോർവേഡ് ക്ളബിന്റെ പരിശീലകനാവുന്നു. 1949ൽ സ്ഥാപിതമായ ക്ളബാണിത്. അടുത്തിടെയാണ് എബിൻ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ എ ലൈസൻസ് സ്വന്തമാക്കിയത്.

സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബാൾ ടീമംഗമാണ് വിഴിഞ്ഞം സ്വദേശിയായ എബിൻ. ഒന്നര പതിറ്റാണ്ടിലേറെ സ്ട്രൈക്കറായും ഡിഫൻഡറായും ടൈറ്റാനിയം ടീമിന്റെ നെടുംതൂണായിരുന്നു.വിവ കേരള,എസ്.ബി.ടി ടീമുകൾക്കായും കളിച്ചു. കോവളം എഫ്.സി ഫുട്ബാൾ ക്ളബിന്റെ കോച്ചും അമരക്കാരനും. മലയാളം ടെലിവിഷൻ ഫുട്ബാൾ കമന്റേറ്റർ, ഫുട്ബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നിങ്ങനെ ഫുട്ബാളിന്റെ പലതലങ്ങളിലായി എബിൻ പ്രവർത്തിക്കുന്നു.