ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത വർഷം

Thursday 19 June 2025 11:46 PM IST

തിരുവനന്തപുരം:ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാഡമിക വർഷം നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.പ്ലസ് വൺ പ്രവേശനോത്സവം മോഡൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാലയങ്ങളിൽ വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിയ്ക്കും തുടക്കമായി.കൗൺസിലിംഗ് ,വ്യക്തിത്വവികസന ക്ലാസുകൾ,സൈബർ സുരക്ഷാബോധവത്‌കരണം,ജീവിത നൈപുണ്യപരിശീലനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.കുട്ടികളിൽ ഗുണപരമായ മാറ്റത്തിന്റെ വേഗം വർദ്ധിപ്പിക്കുന്നതിൽ പദ്ധതി നിർണായക പങ്കുവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.

മെറിറ്റിൽ 2,72,657,സ്‌പോർട്സ് ക്വാട്ടയിൽ 4,517,മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 1,124,കമ്മ്യൂണിറ്റി ക്വാട്ടയിൽ 16,945, മാനേജ്‌മെന്റ് ക്വാട്ടയിൽ 14,701, അൺ എയ്ഡഡ് സ്‌കൂളുകളിൽ 6,042 ഉൾപ്പടെ 3,15,986 വിദ്യാർത്ഥികൾ പ്ലസ് വൺ ക്ലാസ്സുകളിൽ പ്രവേശിച്ചു. മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷനായി.ആന്റണി രാജു എം.എൽ.എ മുഖ്യാതിഥിയായ ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി കെ.വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്,ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സിവിൽ ജഡ്ജ് ഷംനാദ് എസ്.തുടങ്ങിയവർ പങ്കെടുത്തു.