നെൽവയലുകളുടെ ഡേറ്റാ ബാങ്ക് അന്തിമമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ നെൽവയലുകളുടെ ഡേറ്റാ ബാങ്ക് സംശുദ്ധീകരിച്ച് അന്തിമമാക്കാൻ നടപടിയായി. 2008 ലെ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് നടപടികൾ പൂർത്തീകരിക്കുക. കെ.എസ്.ആർ.ഇ.സി (കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് & എൻവയൺമെന്റ് സെന്റർ )യെയാണ് നിർവഹണ ചുമതല ഏൽപ്പിച്ചിട്ടുള്ളതെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ, മന്ത്രിമാരായ എം.ബി. രാജേഷ്, പി. പ്രസാദ് എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
തദ്ദേശ വകുപ്പ് നൽകിയ 500 ഡേറ്റാ ബാങ്കുകളിൽ നിന്ന് 486 എണ്ണവും സംശുദ്ധീകരിച്ച് ബന്ധപ്പെട്ട കൃഷിഭവനുകൾക്ക് നല്കിയിട്ടുണ്ട്. ശേഷിക്കുന്ന ഡേറ്റാ ബാങ്കുകളുടെ സംശുദ്ധീകരണമാണ് മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്നും 230.80 ലക്ഷം രൂപ അനുവദിച്ചു. സംശുദ്ധീകരണം പൂർത്തിയാക്കിയായാൽ തെറ്റായി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ഒഴിവാക്കപ്പെടും. ഭൂമി തരം മാറ്റുന്നതിന് അപേക്ഷിക്കേണ്ട സാഹചര്യവും ഒഴിവാകും. ഇത് ഭൂമി തരം മാറ്റാനായി അപേക്ഷ നൽകിയിട്ടുള്ള ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകും.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന 2008 വർഷം അടിസ്ഥാനമാക്കിയാണ് ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നത്. അന്ന് നിലമായി കിടന്ന ഭൂമി അതിനു ശേഷം നികത്താൻ പാടില്ല എന്നതാണ് വ്യവസ്ഥ. 2008 ൽ നിലമായി കിടന്ന ഭൂമിയുടെ പട്ടികയാണ് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ തയ്യാറാക്കി ഡേറ്റാ ബാങ്കായി വിജ്ഞാപനം ചെയ്യുന്നത്.