ആർ.എസ്.എസ് വോട്ടുകിട്ടാനുള്ള തന്ത്രം: ചെന്നിത്തല

Thursday 19 June 2025 1:50 AM IST

ആലപ്പുഴ: നിലമ്പൂരിൽ ആർ.എസ്​.എസ്​ വോട്ടു​ കിട്ടാനുള്ള തന്ത്രമാണ്​ എം.വി.ഗോവിന്ദൻ നടത്തുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. അടിയന്തരാവസ്ഥയ്ക്ക്​ മുമ്പും ശേഷവും സി.പി.എം- ആർ.എസ്​.എസ്​ കൂട്ടുകെട്ടുണ്ടായിട്ടുണ്ട്​. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 69 സീറ്റിൽ ഇവർ തമ്മിൽ​ ധാരണയുണ്ടായിരുന്നു. സത്യം പുറത്തുവന്നപ്പോൾ എം.വി.ഗോവിന്ദൻ വീണിടത്ത്​ കിടന്ന്​ ഉരുളുകയാണ്​. വിശദീകരണവുമായി എത്താൻ സ്വരാജ് ഗോവിന്ദനേക്കാൾ വളർന്നിട്ടില്ല. സ്വരാജ് പാർട്ടി സെക്രട്ടറി ആകുമ്പോൾ പഠിപ്പിക്കാൻ വന്നാൽ മതിയെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയൻ ആദ്യം കൂത്തുപറമ്പിൽ ജയിച്ചത്​ ആർ.എസ്​.എസ്​ വോട്ടുകൊണ്ടാണ്. ഉദുമയിൽ കെ.ജി.മാരാർക്ക്​ വോട്ടുപിടിക്കാൻ ഇ.എം.എസ്​ പോയതും എല്ലാവർക്കുമറിയാം. നിലമ്പൂരിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.