ശേഖർകുമാറിനെ മാറ്റിയത് പ്രാഥമികാന്വേഷണ ശേഷം

Thursday 19 June 2025 1:52 AM IST

കൊച്ചി:കൈക്കൂലിക്കേസിൽ വിജിലൻസ് ഒന്നാം പ്രതിയാക്കിയ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അസിസ്റ്റന്റ് ഡയറക്‌ടർ ശേഖർകുമാറിനെ മേഘാലയയിലെ ഷില്ലോംഗിലേക്ക് സ്ഥലംമാറ്റിയത് ഡൽഹിയിലെ പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം.പതിവു സ്ഥലംമാറ്റത്തിലുൾപ്പെട്ട 16 പേരിൽ ഒരാളാണ് ശേഖർകുമാറെന്നാണ് ഇ.ഡിയുടെ വിശദീകരണം.കേസ് ഒത്തുതീർക്കാൻ രണ്ടു കോടി രൂപ ഇടനിലക്കാർ വഴി ശേഖർകുമാർ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.കേസിൽ ഇടനിലക്കാരായ മൂന്നുപേരെ വിജിലൻസ് അറസ്റ്റ് ചെയ്‌തിരുന്നു.ശേഖർകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ജൂലായ് മൂന്നുവരെ അറസ്‌റ്റ് തടഞ്ഞിട്ടുണ്ട്.ഇ.ഡിയുടെ പ്രാഥമികാന്വേഷണത്തിൽ ശേഖർകുമാറിനെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. പരാതിക്കാരനായ അനീഷ് ബാബുവിൽ നിന്നുൾപ്പെടെ മൊഴികൾ ശേഖരിച്ചിരുന്നു. ഉദ്യോഗസ്ഥരെ സംശയ നിഴലിൽ നിറുത്തുന്ന സാഹചര്യത്തിലാണ് സ്ഥലംമാറ്റമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം.അസിസ്റ്റന്റ് ഡയറക്‌ടർ മുകേഷ് കുമാറിനാണ് പകരം ചുമതല.