ആസ്തി വളർച്ചയിൽ ഒന്നാമത് ആകാശ്, അനന്ത് അംബാനിമാർ

Thursday 19 June 2025 12:19 AM IST

അംബാനി സഹോദരങ്ങളുടെ ആസ്തി 3.59 ലക്ഷം കോടി രൂപ

ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തി 100 ലക്ഷം കോടി രൂപ

കൊച്ചി: 360 വൺ വെൽത്ത് ക്രിസിലുമായി സഹകരിച്ച് തയ്യാറാക്കിയ '360 വൺ വെൽത്ത് ക്രിയേറ്റേഴ്‌സ് ലിസ്റ്റിന്റെ' ഉദ്ഘാടന പതിപ്പിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ആകാശ് അംബാനിയും അനന്ത് അംബാനിയും 3.59 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുൻനിരയിലെത്തി . ഇന്ത്യയിലെ മുൻനിര സമ്പത്ത്, ആസ്തി മാനേജ്‌മെന്റ് കമ്പനികളിലൊന്നായ 360 വൺ ഡബ്ല്യു.എ.എമ്മിന്റെ ഭാഗമാണ് 360 വൺ വെൽത്ത്.

500 കോടി രൂപയിലധികം ആസ്തിയുള്ള 2013 വ്യക്തികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ സംരംഭകർ, പ്രൊഫഷണലുകൾ, നിക്ഷേപകർ, അവകാശികൾ തുടങ്ങിയവർ ഉൾപ്പെടുന്നു. ഇവരുടെ സംയോജിത ആസ്തിയുടെ മൂല്യം ഏകദേശം 100 ലക്ഷം കോടി രൂപയാണ്. ഇന്ത്യയുടെ ജി.ഡി.പിയുടെ മൂന്നിലൊന്നിന് തുല്യമാണിത്.

പട്ടികയിലുൾപ്പെട്ട 161 പേർക്ക് 10,000 കോടി രൂപയിലധികം ആസ്തിയുണ്ട്. 169 പേരുടെ ആസ്തി 5,000 കോടി രൂപയ്ക്കും 10,000 കോടി രൂപയ്ക്കും ഇടയിലാണ്. ടാറ്റാ ഗ്രൂപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ് എന്നിവയുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളും പ്രമോട്ടർമാരും ചേർന്ന് ആകെ 24% പ്രമോട്ടർ സമ്പത്ത് കൈവശം വയ്ക്കുന്നു. ഇതിന്റെ മൂല്യം ഏകദേശം 36 ലക്ഷം കോടി രൂപയാണ്.

മുംബയ് സമ്പന്നരുടെ തലസ്ഥാനം

577 വെൽത്ത് ക്രിയേറ്റർമാരുള്ള മുംബയ്‌ ആണ് രാജ്യത്തിന്റെ സമ്പന്നരുടെ തലസ്ഥാനം. ആകെ ആസ്തിയുടെ 40 ശതമാനം ഇവരാണ് നിയന്ത്രിക്കുന്നത്. ന്യൂഡൽഹിയിൽ 17 ശതമാനവും ബംഗളുരുവിൽ എട്ട് ശതമാനവും അഹമ്മദാബാദിൽ അഞ്ച് ശതമാനവും അതിസമ്പന്നന്മാരായ ഇന്ത്യക്കാരുണ്ട്. 40 വയസിന് താഴെയുള്ള 143 സജീവ വെൽത്ത് ക്രിയേറ്റർമാരാണ് ഇന്ത്യയിലുള്ളത്.

പുരുഷ മേധാവിത്വം

പട്ടികയിലെ 71 ശതമാനത്തോളം പേരും പുരുഷന്മാരാണ്. ആകെ ആസ്തിയുടെ 76 ശതമാനത്തോളമാണ് ഇവർക്കുള്ളത്. ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യമുണ്ട്. ഫാർമയിലെ മൊത്തം ശതകോടീശ്വരന്മാരുടെ 33 ശതമാനം സ്ത്രീകളാണ്. ധനകാര്യ മേഖലയിലിത് 24 ശതമാനമാണ്. ഇഷ അംബാനിയാണ് സ്ത്രീകളിൽ ഏറ്റവും ധനികയായ ബിസിനസ് ഉടമ. 360 വൺ വെൽത്ത് ക്രിയേറ്റേഴ്‌സ് പട്ടികയിലെ മൊത്തം സമ്പത്തിന്റെ ഏകദേശം 59 ശതമാനം ഇന്ത്യയിലെ മികച്ച 50 ബിസിനസ് സ്ഥാപനങ്ങളുടെതാണ്. റിലയൻസ് ഇൻഡസ്ട്രീസും അദാനി എന്റർപ്രൈസസുമാണ് ആകെ ആസ്തിയുടെ 12 ശതമാനം നിയന്ത്രിക്കുന്നത്.