ബയോ ഇന്ധനം നിർമ്മിക്കാൻ മലയാളി സംരംഭം
കൊച്ചി: മലയാളികളുടെ സംരംഭമായ സെൻട്രിയൽ ബയോഫ്യൂവൽസ് ലിമിറ്റഡ് ജൈവ ഇന്ധന നിർമ്മാണ രംഗത്തേക്ക് കടക്കുന്നു. കരിമ്പ്, ധാന്യങ്ങൾ എന്നിവയിൽ നിന്ന് എത്തനോൾ ഉത്പാദിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നൽകും. ഗോവയിലെ നവേലിം ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലെ പ്ളാന്റിൽ 2026 മാർച്ചോടെ ഉത്പാദനം ആരംഭിക്കും.
വാഹന ഇന്ധനങ്ങളിൽ 20 ശതമാനം വരെ എത്തനോൾ ചേർക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് സെൻട്രിയൽ ഗ്രൂപ്പ് പ്ളാന്റ് സ്ഥാപിക്കുന്നത്. എത്തനോളിന്റെ ലഭ്യത ഇന്ത്യയിൽ കുറവാണ്. കരിമ്പ്, ധാന്യങ്ങൾ എന്നിവ അസംസ്‌കൃതവസ്‌തുക്കളാക്കിയാണ് ഉത്പാദിപ്പിക്കും. പ്രതിദിനം 300 കിലോലിറ്റർ ഉത്പാദനശേഷിയുള്ള 65 ഏക്കറിലുള്ള പ്ളാന്റിന് കഴിഞ്ഞ ദിവസം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് പി. സാവന്ത് തറക്കല്ലിട്ടു. 400 കോടി രൂപയാണ് പദ്ധതി ചെലവ്. മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിവർഷം ഏഴുകോടി ലിറ്റർ എത്തനോൾ 10 വർഷത്തേക്ക് നൽകാൻ കരാറായി.
വ്യാപാര, ധനാകാര്യ രംഗങ്ങളിൽ സാന്നിദ്ധ്യമുള്ള സെൻട്രിയൽ ഗ്രൂപ്പ് തലവൻ ജോബി ജോർജാണ് സെൻട്രിയൽ ബയോഫ്യൂവൽസിന്റെ മാനേജിംഗ് ഡയറക്‌ടർ. മുൻ പൊലീസ് മേധാവി ടോമിൻ തച്ചങ്കരിയാണ് ചെയർമാൻ. കേരള സ്റ്റാർട്ടപ്പ് മിഷൻ സ്ഥാപകൻ ഡോ. കെ.സി. ചന്ദ്രശേഖരൻ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അബ്ദുൾ സലാം, ഗോവ മുൻ ചീഫ് ടൗൺ പ്ളാനർ ജയിംസ് മാത്യു, എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ്, മുൻ ബാങ്കിംഗ് ഓംബുഡ്സ്‌മാൻ ചിരഞ്ജീവി, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എക്സിക്യുട്ടീവ് ഡയറക്ടർ എ.ജി വർഗീസ് എന്നിവരാണ് ഉപദേഷ്ടാക്കൾ.