മോഹൻലാലിന്റെ ഊട്ടി ബംഗ്ളാവ് വാടകയ്‌ക്ക്

Thursday 19 June 2025 12:28 AM IST

കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ഊട്ടിയിലെ ബംഗ്ളാവിൽ താമസിക്കാൻ മോഹമുണ്ടോ? എങ്കിൽ ഒരുങ്ങിക്കോളൂ. ഹൈഡ് എവേ എന്ന ബംഗ്ളാവ് താമസത്തിന് ദിവസവാടകയിൽ ലഭിക്കും. മൂന്നു കിടപ്പുമുറികൾ. വിശാലമായ വളപ്പ്. സുന്ദരമായ ഈ ബംഗ്ളാവ് സ്വകാര്യസ്ഥാപനമാണ് വാടകയ്‌ക്ക് നൽകുന്നത്.

ഊട്ടി ടൗണിൽ നിന്ന് 15 മിനിട്ട് യാത്ര ചെയ്‌താൽ പ്രകൃതിഭംഗി നിറഞ്ഞ പ്രദേശത്തെ ബംഗ്ളാവിലെത്താം. പൗരാണികഭംഗിയുള്ളതും വിശാലവും ആഡംബരം നിറഞ്ഞതുമായ മൂന്നു കിടപ്പുമുറികൾ. മോഹൻലാലും ഭാര്യ സുചിത്രയും ഉപയോഗിച്ചിരുന്നതാണ് മാസ്റ്റർ ബെഡ്റൂം. മക്കളായ പ്രണവ്, വിസ്‌മയ എന്നിവരുടേതാണ് മറ്റു മുറികൾ. ഗൺ ഹൗസ് എന്നപേരിൽ ആകർഷകമായ ബാർ മുറിയുമുണ്ട്. നിരവധി സിനിമകളിൽ ഇവിടം ചിത്രീകരിച്ചിട്ടുണ്ട്. വിശാലമായ പൂന്തോട്ടവുമുണ്ട്. മരക്കാർ, ബറോസ് എന്നീ സിനിമകളുടെ ചിത്രീകരണത്തിന് ഉപയോഗിച്ച തോക്കുകൾ കൊണ്ടാണ് ഇവിടം അലങ്കരിച്ചത്.

വിശാലമായ സ്വീകരണമുറിയിൽ മോഹൻലാൽ കഥാപാത്രങ്ങളുടെ മുന്നൂറോളം കാരിക്കേച്ചറുകൾ കാണാം. മോഹൻലാൽ സിനിമകളിലൂടെ കടന്നുപോകാൻ കഴിയുന്ന വിധത്തിലാണ് അവതരണം. ഒരുമിച്ചിരുന്ന് സിനിമ കാണാൻ പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്.

ഊട്ടിയുടെ കാഴ്‌ചകൾ ആസ്വദിക്കാനും കിളികളുടെ ശബ്ദം കേട്ടിരിക്കാനും കഴിയുന്ന സൗകര്യങ്ങൾ ബംഗ്ളാവിലുണ്ട്. അതിഥികൾക്ക് കേരളീയഭക്ഷണം ഉൾപ്പെടെ ലഭിക്കും. മോഹൻലാൽ, സുചിത്ര എന്നിവരിൽ നിന്ന് പാചകം പഠിച്ച് കുടുംബത്തിന് 25 വർഷം വച്ചുവിളമ്പിയ മലയാളിയാണ് ഷെഫ്.

ലക്‌സിംഗൻലോക്ക് എന്ന സ്വകാര്യ സ്ഥാപനമാണ് ബംഗ്ളാവിന്റെ നടത്തിപ്പുകാർ. ഇവരുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. വാടകയും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ പറയുന്നില്ല.