ഇന്ന് വായനാദിനം: ഇവിടെ പ്രതിഷ്ഠയും പ്രസാദവും പുസ്തകം

Thursday 19 June 2025 12:36 AM IST

നവപുരം മതാതീത ദേവാലയത്തിലെ പുസ്തക പ്രതിഷ്ഠ

കണ്ണൂർ: ഈ ദേവാലയത്തിൽ ദൈവം പുസ്തകം. ഭക്തർ വായനക്കാർ. വഴിപാടും പ്രസാദവും പുസ്തകംതന്നെ.

മലയോര മേഖലയായ പ്രാപ്പൊയിലിലാണ് അറിവിനെ ആരാധനാമൂർത്തിയാക്കിയ ദേവാലയം. നവപുരം മതാതീത ദേവാലയം എന്ന് അറിയപ്പെടുന്ന ഇവിടെ വർഷത്തിൽ രണ്ടു ഉത്സവങ്ങൾ നടക്കും. നൂറുകണക്കിന് വായനക്കാർ പുസ്തകങ്ങൾ കാണിക്കയായി സമർപ്പിക്കും. കുന്നിൻമുകളിലാണ് ദേവാലയം. അവിടെ എത്തുന്നവരെ സ്വീകരിക്കുന്നത് പുസ്തകങ്ങളുടെയും വായനയുടെയും ലോകമാണ്. 2021ലാണ് ഇത് സ്ഥാപിച്ചത്.

അറിവാണ് സർവ്വതിന്റെയും അടിസ്ഥാനം എന്ന തിരിച്ചറിവാണ് ഇതിനു പ്രേരണയായതെന്ന് ദേവാലയത്തിന്റെ സ്ഥാപകനായ പ്രാപ്പൊയിൽ നാരായണൻ പറഞ്ഞു. അറിവുകളുടെ മൂർത്ത രൂപമാണ് പുസ്തകങ്ങൾ. അതിനാലാണ് പുസ്തകം പ്രതിഷ്ഠയായതെന്നും അദ്ദേഹം പറഞ്ഞു.

വർഷത്തിൽ രണ്ടുതവണ ഉത്സവങ്ങൾ

ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലാണ് ഉത്സവം. പുസ്തക ചർച്ച, സംവാദം, വായന, എഴുത്തുകാരുടെ കൂട്ടായ്മ, കലാ സാഹിത്യ പരിപാടികൾ എന്നിവയാണ് ആചാരവും അനുഷ്ഠാനവും. എഴുതാനും വായിക്കാനുമുള്ള സൗകര്യവും താമസ സൗകര്യവും ഇവിടെയുണ്ട്. എല്ലാം സൗജന്യം. നിലവിൽ എണ്ണായിരത്തിലേറെ പുസ്തകങ്ങൾ ശേഖരിച്ചിട്ടുണ്ട്. ദിവസേന പുസ്തകങ്ങൾ സ്വീകരിക്കുകയും അത് മറ്റു ഭക്തർക്ക് നൽകുകയും ചെയ്യും.