മാനദണ്ഡത്തിൽ ഭേദഗതി, സ്ഥാനക്കയറ്റത്തിന് 'മാർക്ക്' നിർബന്ധമല്ല

Wednesday 18 June 2025 11:45 PM IST

തിരുവനന്തപുരം: വകുപ്പ് മേധാവിയുടെ 'മാർക്ക്' നോക്കി സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്രം നിശ്ചയിച്ചിരുന്ന മാനദണ്ഡം ഒഴിവാക്കി സർക്കാർ. ആന്വൽ പെർഫോമൻസ് അപ്രൈസൽ സ്കോർ (എ.പി.എ) അഞ്ചിൽ താഴെയാണെങ്കിലും കഴിവുണ്ടെങ്കിൽ സ്ഥാനക്കയറ്റത്തിന് പരിഗണിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായവർക്ക് സ്ഥാനക്കയറ്റം കിട്ടാതെ പോകുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകും.

എ.പി.എ സ്കോറാണ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡി.പി.സി) പ്രധാനമായും പരിഗണിച്ചിരുന്നത്. കീഴ്ജീവനക്കാരുടെ ജോലിയിലെ കൃത്യനിഷ്ഠ, ആത്മാർത്ഥത, സമയനിഷ്ഠ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നിശ്ചിത ഫോമിൽ വകുപ്പ് മേധാവികളാണ് സ്കോർ രേഖപ്പെടുത്തുന്നത്. അഞ്ചിൽ താഴെയാണെങ്കിൽ ഡി.പി.സി പരിഗണിച്ചിരുന്നില്ല. ഇതുമൂലം പലർക്കും സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന പരാതിയുണ്ടായിരുന്നു.

ഭേദഗതി 2022ലെ

സർക്കുലറിൽ

2022 മാർച്ച് 14ന് പുറത്തിറക്കിയ സർക്കുലറിലൂടെയാണ് സ്‌കോറിംഗ് കൊണ്ടുവന്നത്. സ്ഥാനക്കയറ്റത്തിന് കുറഞ്ഞത് അഞ്ച് സ്‌കോർ വേണമെന്നായിരുന്നു നിബന്ധന. 1958ലെ കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസസ് റൂൾസിലാണ് ഇതുസംബന്ധിച്ച ഭേദഗതി വരുത്തിയത്. ഇതുപ്രകാരം, സ്‌കോർ അഞ്ചിൽ കുറവാണെങ്കിലും ഡി.പി.സിക്ക് ഓരോ കേസും അതിന്റേതായ മെരിറ്റിൽ പരിഗണിച്ച് സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്താം.

ദ്രോഹം ഒഴിവാകും

1.ജീവനക്കാരന്റെ മൊത്തത്തിലുള്ള കഴിവുകളെയോ സംഭാവനകളെയോ സ്കോർ സമ്പ്രദായം പൂർണമായി പ്രതിഫലിപ്പിക്കുന്നില്ലെന്ന തിരിച്ചറിവിലാണ് പുതിയ തീരുമാനം

2.വകുപ്പ് മേധാവിക്ക് ജീവനക്കാരനോട് അനിഷ്ടമുണ്ടെങ്കിൽ സ്കോർ കുറയ്ക്കുന്നതും ഇതിലൂടെ ഒഴിവാകും