അഖിലിന് യുവസാഹിത്യ പുരസ്‌കാരം, ശ്രീജിത്തിന് ബാലസാഹിത്യ പുരസ്‌കാരം
ന്യൂഡൽഹി: അഖിൽ പി. ധർമ്മജന്റെ 'റാം കെയർ ഓഫ് ആനന്ദി" എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവസാഹിത്യ പുരസ്‌കാരം. ശ്രീജിത്ത് മൂത്തേടത്തിന്റെ 'പെൻഗ്വിനുകളുടെ വൻകരയിൽ" എന്ന നോവലിനാണ് ബാലസാഹിത്യ പുരസ്‌കാരം. 50,000 രൂപയും വെങ്കല ശില്പവും അടങ്ങുന്നതാണ് അവാർഡ്.
മലയാളത്തിലെ അടക്കം 23 ഭാഷയിലെ രചനകൾക്കാണ് ഇന്നലെ കേന്ദ്രസാഹിത്യ അക്കാഡമി യുവസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. എ.ജി. ഒലീന, ഡോ. വി.രാജീവ്, ഡോ. ശ്രീവൃന്ദാ നായർ. വി എന്നിവരടങ്ങിയ ജൂറിയാണ് മലയാളത്തിലെ നോവൽ തിരഞ്ഞെടുത്തത്. കേന്ദ്ര സാഹിത്യ അക്കാഡമി ബാലസാഹിത്യ പുരസ്‌കാരത്തിന്24 ഭാഷകളിലെ രചനകൾ അർഹമായി. ഗ്രേസി ജോസഫ്, ഡോ. പി.കെ. കുശലകുമാരി, രാജീവ് ഗോപാലകൃഷ്‌ണൻ എന്നിവരടങ്ങിയ ജൂറിയാണ് ബാലസാഹിത്യ പുരസ്‌കാരം നിർണയിച്ചത്.
ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയാണ് അഖിൽ പി. ധർമ്മജൻ. കോഴിക്കോട് ഭൂമിവാതുക്കൽ സ്വദേശിയായ ശ്രീജിത്ത് തൃശൂർ ചേർപ്പ് സി.എൻ.എൻ ഹൈസ്‌കൂൾ അദ്ധ്യാപകനാണ്.