പ്രിൻസിപ്പലിന്റെ സ്നേഹ സമ്മാനം: സ്കൂളിന് പ്രൊജക്ടർ കൈമാറി
Thursday 19 June 2025 12:55 AM IST
ക്ലാപ്പന: കുലശേഖരപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി സർവീസിൽ നിന്ന് വിരമിക്കുന്ന ജാസ്മിൻ ഡി. ക്രൂസ്, താൻ പഠിപ്പിച്ച സ്കൂളിന് പ്രവേശനോത്സവ ദിനത്തിൽ ഒരു സ്നേഹ സമ്മാനം നൽകി. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിനായി പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും ആണ് അവർ കൈമാറിയത്.
സ്കൂൾ വികസന സമിതി ചെയർമാൻ പി. ഉണ്ണി ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്ത രമേശ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ജി.ശ്രീലത, പി.ടി.എ പ്രസിഡന്റ് എസ്.എ.സലിം, എസ്.എം.സി ചെയർമാൻ അനിൽകുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ്, കൊച്ചനിയൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വിരമിക്കുന്ന പ്രിൻസിപ്പലിന്റെ ഈ പ്രവൃത്തി വിദ്യാർത്ഥികൾക്കും സ്കൂളിനും വലിയ മുതൽക്കൂട്ടാകും.