ഇന്ന് വായനാ ദിനം വ​യ​നാ​ട് ഡി.ഡി.ഇ ഓഫീസിൽ ഇനി വാ​യ​നയുമാവാം

Thursday 19 June 2025 12:04 AM IST
വി.എ. ശശീന്ദ്ര വ്യാസ്

കൽപ്പറ്റ: വായനയുടെ പൂക്കാലം ഒരുക്കുകയാണ് വയനാട് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം. ഇവിടെയെത്തുന്നവരാരും ഇനി വെറുതെ ഇരിക്കേണ്ട. ഇഷ്ടമുളളത് വായിക്കാം. ആവശ്യം നിറവേറ്റി തിരിച്ച് പോകുമ്പോൾ പുസ്തകം തിരിച്ചു നൽകിയാൽ മതി. അതിനുവേണ്ടി വിപുലമായ ഒരു ലൈബ്രറിയാണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പല ആവശ്യങ്ങൾക്കായി നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഓഫീസിലെത്തുന്നത്. ചിലപ്പോൾ, അന്വേഷിച്ചെത്തുന്ന ഉദ്യോഗസ്ഥൻ ഓഫീസ് ആവശ്യങ്ങളുടെ ഭാഗമായി പുറത്തായിരിക്കും. അദ്ദേഹം വരുന്നതുവരെ മണിക്കൂറുകളോളം വെറുതെ ഇരിക്കേണ്ടി വരും. ആ മടുപ്പ് ഒഴിവാക്കണം. അതിനെന്ത് വഴി?. ഡി.ഡി. ഇ. വി.എ. ശശീന്ദ്ര വ്യാസും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.എം. ഹരീഷിന്റെയും മനസിൽ ഒരു ആശയം രൂപം കൊണ്ടു. ഒരു വായനശാല. ആശയം ഓഫീസിലെ നാൽപ്പത്തിയാറ് ജീവനക്കാരോടും പങ്കുവച്ചു. ഏവർക്കും സന്തോഷം. തീരുമാനം പറഞ്ഞയുടൻ തന്നെ കുറെ പസ്തകങ്ങൾ ജീവനക്കാർ നൽകി. നൂറോളം പുസ്തകങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീറിന്റെ നേതൃത്വത്തിൽ നൽകി. എല്ലാം കൂടി ഇരുന്നൂറിലേറെ പുസ്തകൾ ഇപ്പോൾ തന്നെ വായനശാലക്ക് സ്വന്തം. പല പ്രസാധകരും വ്യക്തികളും പുസ്തകം തരാമെന്ന് വാക്ക് നൽകിയിട്ടുണ്ട്. അതിൽ വയനാട്ടുകാരായ എഴുത്തുകാരും ഏറെയുണ്ട്. വായനക്കാരും പുസ്തകങ്ങളും വർദ്ധിച്ചതോടെ ഓഫീസ് അറ്റൻഡന്റായ എം.എസ് അരുണിനെ ലൈബ്രേറിയനായും നിയമിച്ചു. അരുണിനും സന്തോഷം.

ഒഴിവുസമയം കിട്ടുമ്പോൾ ജീവനക്കാർ എല്ലാവരും നേരെ വായനശാലയിലേക്കാണ്. മൊബൈലിൽ തോണ്ടി നേരം പോക്കാൻ ആരുമില്ല. പുസ്തകവായനയാണ് ഹോബി. ഡി.ഡി ഓഫീസിലെ പുസ്തകലോകത്തിലേക്ക് കളക്ടറേറ്റിലെ മറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ജീവനക്കാരർ ധാരാളമെത്തുന്നുണ്ട്. ഓഫീസിലെ ഫ്രണ്ട് ഓഫീസിന് സമീപമായുളള ചുമരിൽ നാല് തട്ടുകളിലായി തീർത്ത വായനലോകം ഏവരെയും ആകർഷിക്കുന്നു. പുസ്തകങ്ങൾ വർദ്ധിക്കുന്നതോടെ ചുമരുകളിൽ ഇനിയും തട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് തീരുമാനം.

#

''നമ്മുടെ വിദ്യാലയങ്ങളിലെല്ലാം ഇന്ന് സ്‌കൂൾ ലൈബ്രറികളും ക്ലാസ് ലൈബ്രറികളും സജ്ജമാണ്. നമ്മുടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകളിൽ കൂടി ഇത്തരത്തിലുള്ള ഒരു ലൈബ്രറി സംവിധാനം വരുമ്പോൾ അത് നമ്മുടെ വകുപ്പിന് മറ്റു വകുപ്പുകൾക്കും വിദ്യാലയങ്ങൾക്കും നൽകാവുന്ന ഒരു മാതൃകാപരമായ സന്ദേശം കൂടിയായിരിക്കും''

വി.എ. ശശീന്ദ്ര വ്യാസ്

ഡി.ഡി. ഇ.