വോൾവോ എ സി ബസിന് 4300, സൂപ്പർ ഡീലക്സിന് 3900 ; വിവാഹ ചടങ്ങുകൾ, സ്വകാര്യയാത്രകൾ എന്നിവയ്ക്ക് വമ്പൻ ഓഫറുമായി കെ എസ് ആർ ടി സി
തിരുവനന്തപുരം: വിവാഹം, സ്വകാര്യയാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചാർട്ടേഡ് ട്രിപ്പായി കെ.എസ്.ആർ.ടി.സി ബസുകൾ ലഭിക്കും. ഓർഡിനറി മുതൽ വോൾവോ ബസുകൾ വരെ ലഭിക്കും. നിലവിലെ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. കൂടുതൽ വരുമാനം ലക്ഷ്യമിട്ടാണിത്.
40 കിലോമീറ്റർ യാത്രയ്ക്ക് (നാല് മണിക്കൂർ) മിനി ബസാണെങ്കിൽ 3500 രൂപ നൽകി യാൽ മതി. ഇതേ ദൂരത്തിന് ഓർഡിനറി ബസാണെങ്കിൽ 3600 രൂപയാണ്. ഫാസ്റ്റ് പാസഞ്ചറാണെങ്കിൽ 3700 രൂപ. സൂപ്പർഫാസ്റ്റ് 3,800, സൂപ്പർ ഡീലക്സ് 3900, വോൾവോ എ.സി 4,300, മൾട്ടി ആക്സിൽ 5,300 എന്നിങ്ങനെയാണ് നിരക്ക്. ബസ് വേണ്ട സമയവും യാത്രയും ദൂരവും അനുസരിച്ച് വർദ്ധനയുണ്ടാകും.
പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓർഡിനറി ബസിന് 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000, സൂപ്പർ ഫാസ്റ്റ് 9500,സൂപ്പർ എക്സ്പ്രസി ന് 10000, വോൾവോയ്ക്ക് 13000 എന്നിങ്ങനെയായിരുന്നു നിരക്ക്. ഇതുകാരണം ചാർട്ടേഡ് ട്രിപ്പിന് ആവശ്യക്കാർ കുറവായിരുന്നു. കൂടുതൽ വിവരങ്ങൾ അടുത്തുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ലഭിക്കും.