കളിപ്പാട്ടത്തിൽ ചവിട്ടിവീണ പിതാവിന്റെ തോളിലിരുന്ന കുട്ടിക്ക് ദാരുണാന്ത്യം
ഉദിയൻകുളങ്ങര : കുട്ടിയെ കളിപ്പിക്കുന്നതിനിടെ കളിപ്പാട്ടത്തിൽ ചവിട്ടി തെന്നിവീണ പിതാവിന്റെ കൈയിലിരുന്ന നാലു വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര മാരായമുട്ടം മണലുവിളയിൽ റെജിന്റെയും ധന്യയുടെയും മകൻ ഇമാൻ ആണ് മരിച്ചത്. ധന്യയുടെ വീടായ പരശുവയ്ക്കൽ പനയറയ്ക്കൽ ധന്യ ഭവനിൽവച്ചായിരുന്നു അപകടം.
ചൊവ്വാഴ്ച രാവിലെ മകനെ തോളിലേറ്റി കളിപ്പിക്കുന്നതിനിടെ വീലുള്ള കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് തെന്നിവീണു. നിലത്തിടിച്ച കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ പാറശാല ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയോടെ കുട്ടി മരിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
റെജിന്റെ ഭാര്യ ധന്യ ഗർഭിണിയായതിനാൽ കുടുംബവീടായ ധന്യ ഭവനിലാണ് താമസിക്കുന്നത്. മാരായമുട്ടം എൽ.പി സ്കൂൾ നഴ്സറി വിദ്യാർത്ഥിയാണ് ഇമാൻ. മകനെ കൂട്ടിക്കൊണ്ടു പോകുന്നതിനായി റെജിൻ എന്നും രാവിലെ പരശുവയ്ക്കലിലെത്തും. ചൊവ്വാഴ്ച രാവിലെ എത്തിയപ്പോൾ കുട്ടി കുളിക്കാൻ കൂട്ടാക്കിയില്ല. തമാശയൊക്കെ കാട്ടി അതിനു ശ്രമിക്കുന്നതിനിടെയാണ് തെന്നിവീണത്. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.