പോക്‌സോ: 61കാരന് 145 വർഷം കഠിനതടവ്

Thursday 19 June 2025 1:16 AM IST

മഞ്ചേരി: 12 വയസുകാരിയെ പീഡിപ്പിച്ച 61കാരനെ മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 145 വർഷം കഠിനതടവിനും 8.77 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായുള്ള തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാവും. അരീക്കോട് കാവനൂർ പള്ളിയാളിത്തൊടി വീട്ടിൽ കൃഷ്ണനെയാണ് (61) ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. അയൽവാസിയായ ഇയാൾ ബാലികയെ രണ്ടു തവണ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ മിഠായി നൽകി വശീകരിച്ച് പ്രതി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടു പോയി അശ്ലീല വീഡിയോ കാണിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. വിസമ്മതിച്ച കുട്ടിയെ മുഖത്തടിച്ചതായും പരാതിയുണ്ട്.

ഇളയ സഹോദരിയെ കൗൺസലിംഗ് നടത്താനെത്തിയ കൗൺസലറോടാണ് ബാലിക പീഡനവിവരം വെളിപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 376(3),പോക്‌സോ ആക്ടിലെ 5 (എൽ),5 (എം) എന്നീ മൂന്നു വകുപ്പുകളിലും 40 വർഷം വീതം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. അറസ്റ്റ് ചെയ്ത ശേഷം ജാമ്യം ലഭിക്കാത്തതിനാൽ കസ്റ്റഡി കാലാവധി ശിക്ഷയിൽ ഇളവു ചെയ്യും. പ്രതി പിഴയടയ്ക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകണം.