പരിചരണവും വളപ്രയോഗവും വേണ്ട,​ റബർ വില കുറഞ്ഞപ്പോൾ കർഷകരുടെ ആശ്രയം,​ കിലോയ്ക്ക് 150 രൂപ

Thursday 19 June 2025 4:25 AM IST

കോട്ടയം : വിളവെടുപ്പിന് കാത്തിരിക്കെ വില്ലനായി മഴയെത്തിയതോടെ കൊഴിഞ്ഞു വീഴുന്നത് റംബൂട്ടാൻ കർഷകരുടെ പ്രതീക്ഷകൾ. കങ്ങഴ, പത്തനാട്, മണിമല, അയർക്കുന്നം, മണർകാട് തുടങ്ങി ജില്ലയുടെ വിവിധ മേഖലകളിൽ നിരവധിപ്പേരാണ് കൃഷിയിറക്കിയിരിക്കുന്നത്. വേനൽ മഴയ്ക്ക് പിന്നാലെ മേയ് അവസാനം കാലവർഷവും എത്തിയതോടെ കായ്കൾ വ്യാപകമായി കൊഴിയുകയാണ്. ജനുവരിയിൽ കൃഷിയിറക്കി ജൂൺ അവസാനത്തോടെയാണ് സാധാരണ വിളവെടുപ്പ്.

തമിഴ്‌നാട്ടിൽ നിന്ന് റംബൂട്ടാൻ എത്തുന്നുണ്ടെങ്കിലും നാട്ടിലേത് പോലുള്ള രുചിയില്ല. മെച്ചപ്പെട്ട വില കിട്ടുമെന്നതിനാൽ റബർ കൃഷിയിലെ പ്രതിസന്ധിയിൽ നിരാശരായ കർഷകരിൽ ഒരു വിഭാഗം റംബൂട്ടാനിലേക്ക് തിരിഞ്ഞിരുന്നു. കൂടുതൽ മഴ പെയ്തതിനാൽ മണ്ണിന്റെ ഘടനയിൽ മാറ്റമുണ്ടായതാണ് കൊഴിഞ്ഞ് പോക്കിന് കാരണമെന്ന് കാർഷിക മേഖലയിലുള്ളവർ പറയുന്നു.

മികച്ച കായ്ഫലം, പക്ഷേ...
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മികച്ച രീതിയിൽ കായ്ഫലം ലഭിച്ചിരുന്നു. കിലോയ്ക്ക് 150 രൂപ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. തമിഴ്‌നാട്ടുകാരായ വ്യാപാരികളിൽ നിന്ന് മുൻകൂർ പണം വാങ്ങിയാണ് പലരും കൃഷി ആരംഭിക്കുന്നത്. ഈ വർഷം മുൻകൂറായി വാങ്ങിയ പണം തിരിച്ചു കൊടുക്കേണ്ട സ്ഥിതിയാണ്. വവ്വാലും മറ്റു പക്ഷികളും കൊത്തിക്കൊണ്ടുപോകാതെ വലിയ ഓരോ മരവും പ്ലാസ്റ്റിക് വലയിട്ട് പൊതിഞ്ഞാണ് കർഷകർ സംരക്ഷിച്ചത്. വലിയ പരിചരണവും വളപ്രയോഗവവും ആവശ്യമില്ലാത്തതും റംബൂട്ടാൻ കൃഷിയുടെ നേട്ടമാണ്.

''വിളവെടുപ്പിന് മുൻപ് അവശേഷിക്കുന്ന പഴങ്ങൾ അണ്ണാൻ പോലുള്ളവ ഭക്ഷിക്കാനും സാദ്ധ്യതയുണ്ട്. ഇത് നേരിടാൻ വലകൾ കെട്ടാനുള്ള ഒരുക്കത്തിലാണ് കർഷകർ.

(നാസർ, കങ്ങഴ റംബൂട്ടാൻ കർഷകൻ