ആശങ്ക തോന്നിയിട്ടില്ലെന്ന് സ്വരാജ്, വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്ന് ഷൗക്കത്ത്; നിലമ്പൂരിൽ കനത്ത മഴ
നിലമ്പൂർ: എല്ലാവരും വോട്ട് ചെയ്യണമെന്ന് ഇടത് സ്ഥാനാർത്ഥി എം സ്വരാജ്. ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും നാട് പകർന്ന് നൽകിയ ആത്മവിശ്വാസം ശക്തമായുണ്ടെന്നും സ്വരാജ് വ്യക്തമാക്കി. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും മാങ്കൂത്ത് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സ്വരാജ് പറഞ്ഞു.
വലിയ ഭൂരിപക്ഷം മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. മണ്ഡലം തിരിച്ച് പിടിക്കും. യുഡിഎഫിന് തൊട്ടുപിന്നിൽ വരുന്ന സ്ഥാനാർത്ഥി എൽഡിഎഫായിരിക്കും. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു. അടുത്തുള്ള ബൂത്തുകളിൽ ആര്യാടൻ ഷൗക്കത്ത് രാവിലെ സന്ദർശനം നടത്തി.
വോട്ടെണ്ണിക്കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം, സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം, താൻ നിയമസഭയിലേക്ക് പോകുമെന്ന് പി വി അൻവർ രാവിലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വച്ചാണ് പ്രചരണം നടത്തിയതെന്നും അൻവർ ആരോപിച്ചു. എൽഡിഎഫിൽ നിന്ന് 25 ശതമാനം വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫിൽ നിന്ന് 35 ശതമാനം വോട്ടും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ നേരിൽ കണ്ടപ്പോൾ സ്വരാജും ഷൗക്കത്തും പരസ്പരം ആശ്ലേഷിച്ചു. വീട്ടികുത്ത് ബൂത്തിൽ വച്ചാണ് ഇരുവരും കണ്ടത്.
വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂറിൽ നിലമ്പൂർ മണ്ഡലത്തിൽ പോളിംഗ് നാലുശതമാനം പിന്നിട്ടു. മണ്ഡലത്തിൽ കനത്ത മഴ പെയ്യുന്നുണ്ട്. ബൂത്ത് രണ്ടിൽ വെളിച്ചം കുറവാണെന്ന് യുഡിഎഫ് പരാതി ഉന്നയിച്ചു. ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിക്കുന്നുണ്ട്.