വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ കീഴ്‌വഴക്കം, ഗവർണറെ അപമാനിച്ചു; വാർത്താക്കുറിപ്പ് ഇറക്കി രാജ്‌ഭവൻ

Thursday 19 June 2025 2:38 PM IST

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി രാജ്‌ഭവൻ. മന്ത്രിയുടേത് തെറ്റായ കീഴ്‌വഴക്കമാണ്. ദേശീയ ഗാനത്തിനിടെയാണ് മന്ത്രി ഇറങ്ങിപ്പോയതെന്നും ഗവർണറെ മന്ത്രി അപമാനിച്ചെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

മന്ത്രി പരിപാടിക്ക് വൈകിയാണ് എത്തിയത്. നേരത്തെ പോകുകയും ചെയ്തു. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും രാജ്ഭവന്റെ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്‌‌ പുരസ്‌കാര ചടങ്ങിലാണ് ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി വിവാദമുണ്ടായത്.

ഭാരതാംബയുടെ ചിത്രം വയ്ക്കില്ലെന്ന് രാജ്ഭവൻ അറിയിച്ചതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാൻ പോയതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. താൻ എത്തുമ്പോഴേക്ക് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി ചടങ്ങ് തുടങ്ങിയിരുന്നുവെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ തന്റെ രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് മൈക്കിലൂടെ തന്നെയാണ് അദ്ദേഹം വിയോജിപ്പ് അറിയിച്ചത്.

'കാര്യപരിപാടിയിൽ പുഷ്പാർച്ചന ഇല്ലായിരുന്നു. ഞാൻ ചെല്ലുമ്പോൾ കാണുന്നത് പുഷ്പാർച്ചന നടത്തുന്നതാണ്. ഗവർണർ വളരെ അഹങ്കാരത്തോടെ നിലപാടെടുത്തു. രാജ്ഭവനെ തനി രാഷ്ട്രീയ കേന്ദ്രമാക്കി.'- എന്നായിരുന്നു മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിച്ചത് നേരത്തെ വിവാദമായിരുന്നു. ആർ എസ് എസ് കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി ഗവർണർ - സർക്കാർ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. പിന്നീട് സർക്കാരിന്റെ അനുനയത്തിന് ഗവർണർ ആർ വി ആർലേക്കർ വഴങ്ങിയിരുന്നു. രാജ്ഭവനിലെ സർക്കാർ പരിപാടികളിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.