'ഞാനൊരു സ്വതന്ത്ര സംഗീതജ്ഞനാണ്, നിലമ്പൂരിലേത് രാഷ്ട്രീയ നാടകം'; സ്വരാജിനെ ഇഷ്ടമാണെന്ന് റാപ്പർ വേടൻ
മലപ്പുറം: ഒരു രാഷ്ട്രീയ പാർട്ടിക്കും വേണ്ടി ഗാനങ്ങൾ എഴുതിയിട്ടില്ലെന്ന് റാപ്പർ വേടൻ. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ നടക്കുന്നത് രാഷ്ട്രീയ നാടകങ്ങളാണെന്നും വേടൻ വ്യക്തമാക്കി. ചില കാര്യങ്ങളിൽ പ്രതികരിച്ച് പ്രശ്നത്തിലാകാൻ തൽക്കാലമില്ലെന്നും വേടൻ പറഞ്ഞു. നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റാപ്പർ വേടൻ.
'ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. ഇലക്ഷൻ നന്നായി നടക്കട്ടെ. ചില കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ കുറച്ചുകാലത്തേക്ക് പ്രശ്നത്തിലാകാൻ ഉദ്ദേശിച്ചിട്ടില്ല. ഉറപ്പായും നടക്കുന്നത് രാഷ്ട്രീയ നാടകങ്ങളാണ്. കൃത്യമായി ഒന്നും പറയുന്നില്ല. വ്യക്തിപരമായി ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജിനെ വലിയ ഇഷ്ടമാണ്. ഒരുപാട് കാര്യങ്ങൾ എനിക്ക് തീർക്കാനുണ്ട്. അതുകഴിഞ്ഞിട്ട് ഈ വിഷയത്തിൽ വ്യക്ത വരുത്താം. ഞാനൊരു സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ടെഴുതുന്നു. ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നു. അതാണ് നിലവിലെ തീരുമാനം. ഞാൻ ചിലപ്പോൾ നടൻ വിജയിനെപോലെ ഒരു രാഷ്ട്രീയ പാർട്ടി തുടങ്ങിയാലോ? അല്ലെങ്കിൽ മുഖ്യമന്ത്രിയായി വന്നാലോ?'- വേടൻ പറഞ്ഞു.
അതേസമയം, നിലമ്പൂരിൽ വോട്ടിംഗ് പുരോഗമിക്കവേ എല്ലാ സ്ഥാനാർത്ഥികളുടെ കടുത്ത ആത്മവിശ്വാസത്തിലാണ്. ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും നാട് പകർന്ന് നൽകിയ ആത്മവിശ്വാസം ശക്തമായുണ്ടെന്നും എം സ്വരാജ് വ്യക്തമാക്കി. വലിയ ഭൂരിപക്ഷം മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. മണ്ഡലം തിരിച്ച് പിടിക്കും. യുഡിഎഫിന് തൊട്ടുപിന്നിൽ വരുന്ന സ്ഥാനാർത്ഥി എൽഡിഎഫായിരിക്കും. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.