 കുഫോസ് മത്സ്യസംരക്ഷണപദ്ധതി മഞ്ഞക്കൂരിയും കുറുവയും  ജലാശയങ്ങളിലേക്ക് 

Thursday 19 June 2025 4:19 PM IST

കൊച്ചി: വംശനാശഭീഷണി നേരിടുന്ന നാടൻ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാലയും (കുഫോസ്) അന്നമനട ഗ്രാമപഞ്ചായത്തും ചേർന്ന് ചാലക്കുടി പുഴയിൽ മുട്ടയിടാറായ മഞ്ഞക്കൂരി, കുറുവ എന്നിവയെയും അവയുടെ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. പുഴയിലും ചിറയംചാലിലുമായി 1500 മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്. ചാലക്കുടി പുഴയിൽ നൂറിലേറെ മത്സ്യയിനങ്ങളുള്ളതായാണ് കണക്ക്.

ജൈവവൈവിദ്ധ്യം പുന:സ്ഥാപിക്കാനും ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം നിലനിറുത്താനും ലക്ഷ്യമിട്ടാണ് പദ്ധതി.

 മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനവും വിതരണവും ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് വകുപ്പ് അസി. പ്രൊഫസർ ഡോ. പി.എച്ച്. അൻവർ അലിയുടെ നേതൃത്വത്തിൽ പനങ്ങാട്ടെ കുഫോസ് ശുദ്ധജല മത്സ്യക്കൃഷി കേന്ദ്രത്തിലാണ് മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചത്. നേരത്തെ ഇടമലയാർ, പെരിങ്ങൽകുത്ത് ജലസംഭരണികൾ, ശാസ്താംകോട്ട തടാകം എന്നിവയടക്കം പ്രധാന ഉൾനാടൻ ജലാശയങ്ങളിൽ ഇവയെ നിക്ഷേപിച്ചിരുന്നു.

കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ബിജുകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. വിനോദ് അദ്ധ്യക്ഷനായി. ഡോ. സി. പി. ഷാജി, സർവകലാശാല ഫിഷറീസ് റിസോഴ്‌സ് വിഭാഗം മേധാവി പ്രൊഫ. എം. കെ. സജീവൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. സതീശൻ, വാർഡ് അംഗം സി.കെ. ഷിജു എന്നിവർ പ്രസംഗിച്ചു.

 ചാലക്കുടി പുഴയിൽ അധിനിവേശ മത്സ്യങ്ങൾ

ചാലക്കുടി പുഴയിൽ നാടൻ ഇനങ്ങൾക്ക് ഭീഷണിയായി 15ലേറെ അധിനിവേശ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2018ലെ പ്രളയത്തിൽ വളർത്തൽ കേന്ദ്രങ്ങളിൽനിന്ന് കൂട്ടത്തോടെ അധിനിവേശ മത്സ്യങ്ങൾ പുഴയിലെത്തുകയായിരുന്നു. നദികൾ, പാടശേഖരങ്ങൾ എന്നിവയിലെ മലിനീകരണം, അമിത ചൂഷണം തുടങ്ങിയവയും നാടൻ മത്സ്യയിനങ്ങൾക്ക് ഭീഷണിയായി തുടരുന്നു.

പ്രധാന അധിനിവേശ ഇനങ്ങൾ

കോമൺ കാർപ്പ്

സക്കർ മൗത്ത് ക്യാറ്റ്ഫിഷ്

നൈൽ തിലാപ്പിയ

അലിഗേറ്റർ ഗാർ

 ഭീമൻ ഗൗരാമി