കൽപ്പറ്റയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൽപ്പറ്റ: പനമരത്തിനടുത്ത് എരനെല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനമരം സ്വദേശി മുഹമ്മദ് നിഹാൽ (22) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നിഹാൽ.
കഴിഞ്ഞദിവസം എരനല്ലൂരിൽ ജീപ്പും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന നിഹാലിന് ഗുരുതര പരിക്കേറ്റത്. പച്ചിലക്കാട് നിന്നും പനമരത്തേക്ക് പോകുകയായിരുന്നു നിഹാൽ. പനമരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ജീപ്പ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഹാലിനെ നാട്ടുകാർ ആദ്യം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്. ചങ്ങാടക്കടവ് കാരിക്കുയ്യൻ അയൂബ് - സുഹറ ദമ്പതികളുടെ മകനാണ്. സുമയ്‌ന സഹോദരിയാണ്.