'എനിക്ക് പറ്റിയ അടുത്ത മണ്ടത്തരം'; പറ്റിക്കപ്പെട്ടതിനെപ്പറ്റി തുറന്നുപറഞ്ഞ് അമൃത സുരേഷ്
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. അമൃതയും സഹോദരിയും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സൈബർ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമൃതയിപ്പോൾ. 45,000 രൂപയാണ് നഷ്ടമായത്.
'എനിക്ക് പറ്റിയ അടുത്ത മണ്ടത്തരം. നിങ്ങൾ ഉദ്ദേശിക്കുന്ന മണ്ടത്തരമല്ല. അതിനി ഏതായാലും ഇല്ല. ജൂൺ, ജൂലായ് ഒക്കെ പ്രോഗ്രാം കിട്ടാനൊക്കെ പ്രശ്നമുള്ള സമയമാണ്. ഇത് നിങ്ങൾ സീരിയസായി എടുക്കണം. ഫോൺ വിളിക്കുന്ന സമയത്ത് സൈബർ കുറ്റവാളികളെക്കുറിച്ചുള്ള മുന്നറിയിപ്പ് കേൾക്കാറില്ലേ. എപ്പോഴും അത് കേൾക്കാറുണ്ട്. വൃത്തികെട്ട അനൗൺസ്‌മെന്റ് ഇതുകാരണം കോൾ കണക്ട് ചെയ്യാൻ എത്ര സമയമെടുക്കുമെന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ട്.
അബദ്ധം പറ്റിക്കഴിഞ്ഞതിന് ശേഷം ഒരു കോൾ ചെയ്തപ്പോൾ ഈ ശബ്ദം കേട്ടു. അപ്പോഴാണ് ഈശ്വരാ ഇതുതന്നെയാണല്ലോ എനിക്ക് പറ്റിയതെന്ന് തോന്നിയത്. ഒരു ദിവസം ഞാൻ സ്റ്റുഡിയോയിൽ ഇരിക്കുകയായിരുന്നു. എന്റെ കസിൻ സിസ്റ്ററുണ്ട് ബിന്ദു ചേച്ചി. എനിക്ക് ചേച്ചിയുടെ നമ്പരിൽ നിന്ന് വാട്സാപ്പിലൊരു മെസേജ് വന്നു. എനിക്ക് 45,000 വേണം, എമർജൻസിയാണ്. ഈ നമ്പരിലേക്ക് ഇടണമെന്ന് പറഞ്ഞാണ് മെസേജ്. അക്കൗണ്ടിൽ പത്ത് നാൽപ്പത്തിയയ്യായിരം ഉണ്ടായിരുന്നു. സ്റ്റുഡിയോയിലുമാണ്.
ചേച്ചി എനിക്ക് ഇന്ന് ഇഎംഐ കട്ടുള്ളതാണെന്ന് പറഞ്ഞപ്പോൾ ഒരു മണിക്കൂറിനകം ഇട്ടുതരാമെന്നും മെസേജയച്ചു. സ്റ്റുഡിയോയിലായതിനാൽ ഫോൺ വിളിക്കാനൊന്നും നിന്നില്ല. ചേച്ചിയുടെ യുപിഐ വർക്ക് ചെയ്യുന്നില്ലെന്നും പറഞ്ഞ് മറ്റൊരു ഐഡിയും തന്നു. ഞാൻ അപ്പോൾത്തന്നെ പൈസ അയച്ചുകൊടുത്തു, അതിന്റെ സ്‌ക്രീൻഷോട്ടും ഒരു സെൽഫിയും കൂടി അയച്ചു.
താങ്ക്യൂ എന്ന് പറഞ്ഞ് ചേച്ചിയുടെ മെസേജ്. ഒരു 30,000 കൂടി ഇടുമോയെന്ന് ചോദിച്ച് വീണ്ടും മെസേജ്. എന്റെ കൈയിൽ അത്രയും പൈസയില്ലായിരുന്നു. ഞാൻ അപ്പോൾത്തന്നെ ചേച്ചിയെ വീഡിയോ കോൾ ചെയ്തു. പക്ഷേ കട്ട് ചെയ്തു. അപ്പോൾത്തന്നെ നോർമൽ കോൾ വിളിച്ചു. ചേചേച്ചിയാണെങ്കിൽ അമ്മൂ, എന്റെ വാട്സാപ്പ് ആരോ ഹാക്ക് ചെയ്തു, നീ പൈസ അയച്ചുകൊടുക്കല്ലേയെന്ന് പറഞ്ഞു. അപ്പോഴേക്ക് കാശും സെൽഫിയും പോയി.
ബിന്ദു ചേച്ചി എന്തോ ഒരു കൊറിയർ ബുക്ക് ചെയ്തിരുന്നു. അതിന്റെ കോളാണെന്ന് കരുതി ഫോണെടുത്തു. ഡെലിവറി ബോയ് വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് ഒരു നമ്പർ കൊടുത്തു. അതിൽ വിളിച്ച് അഡ്രസ് കൊടുക്കാൻ പറഞ്ഞു.
പക്ഷേ ആ നമ്പരിന്റെ അറ്റത്തൊരു സ്റ്റാർ ഉണ്ടായിരുന്നു. വർക്കിന്റെ ഇടയിൽ അത് ശ്രദ്ധിച്ചില്ല. ആ നമ്പറിൽ വിളിച്ചതോടെയാണ് ഹാക്ക് ആയത്. സംഭവം പറ്റിയെന്നറിഞ്ഞയുടൻ തന്നെ സ്റ്റേഷനിലൊക്കെ വിളിച്ചുപറഞ്ഞു.
ഈ പൈസ കിട്ടിക്കഴിഞ്ഞാൽ അവർ അപ്പോൾത്തന്നെ എടിഎമ്മിൽ നിന്ന് തിരിച്ചെടുക്കും. തട്ടിപ്പിനിരയായാൽ ഉടൻ അനൗൺസ്‌മെന്റിൽ പറയുന്ന നമ്പരിൽ വിളിച്ച് അറിയിക്കണം. തട്ടിപ്പുകാർ പെട്ടെന്നു എടിഎമ്മിലൂടെ കാശെടുക്കും. അതിനുമുമ്പ് അറിയിച്ചാൽ പൈസ പോയ അക്കൗണ്ട് അവർ അപ്പോൾത്തന്നെ മരവിപ്പിക്കും. എന്നിട്ട് ആ പൈസ നമുക്ക് തരും. ഞാൻ പൊലീസിന് വിളിച്ചുപറഞ്ഞ് അവർ ഫ്രീസ് ചെയ്തപ്പോൾ ആകെ അതിൽ 124 രൂപയായിരുന്നു ഉണ്ടായിരുന്നത്.