ഇതാണ് പ്രണയം, 1120 രൂപയുമായി പ്രിയതമയ്ക്ക് താലിമാല വാങ്ങാനെത്തി; 93കാരനെ അമ്പരപ്പിച്ച് ജുവലറി ഉടമയുടെ സർപ്രൈസ്‌

Thursday 19 June 2025 5:43 PM IST

പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്ന് പറയാറുണ്ട്. അത്തരത്തിൽ തൊണ്ണൂറ്റിമൂന്നുകാരനായ നിവൃത്തി ഷിൻഡെയുടെ പ്രണയമാണ് ഇപ്പോൾ സൈബറിടത്ത് ചർച്ചയാകുന്നത്. പ്രണയിനി മറ്റാരുമല്ല, ഭാര്യ ശാന്ത ഭായി തന്നെയാണ്.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് ദമ്പതികൾ താമസിക്കുന്നത്. കഴിഞ്ഞ ദിവസം വെളുത്ത മുണ്ടും കുർത്തയും തൊപ്പിയും ധരിച്ച് ഭാര്യയ്‌ക്കൊപ്പം അദ്ദേഹമൊരു ജുവലറിയിൽ എത്തിയിരുന്നു. തന്റെ ഭാര്യയ്ക്ക് താലിമാല വാങ്ങിക്കൊടുക്കണമെന്ന ആഗ്രഹവുമായിട്ടാണ് അദ്ദേഹമെത്തിയത്.

ദമ്പതികളെ കണ്ടപ്പോൾ ജുവലറിയിലെ ജീവനക്കാർ ആദ്യം കരുതിയത് സാമ്പത്തിക സഹായം ചോദിച്ചെത്തിയവരായിരിക്കുമെന്നാണ്. ഭാര്യയ്ക്ക് താലിമാല വാങ്ങാനാണ് വന്നതെന്ന് അദ്ദേഹം അറിയിച്ചതോടെ ജീവനക്കാർ അമ്പരന്നു. ജുവലറി ഉടമ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസലിഞ്ഞു. 'ദമ്പതികൾ കടയിൽ കയറിയപ്പോൾ ആ മനുഷ്യൻ എനിക്ക് 1,120 രൂപ തന്നിട്ട് ഭാര്യയ്ക്ക് ഒരു താലിമാല വേണമെന്ന് പറഞ്ഞു. ഭാര്യയോടുള്ള അദ്ദേഹത്തിന്റെ പ്രണയം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. തുടർന്ന് 20 രൂപ വാങ്ങി, താലിമാല നൽകി.'- ഉടമ വ്യക്തമാക്കി. സ്വർണമാല ഭാര്യ ഇടുന്നതുകണ്ട് വയോധികന്റെ കണ്ണുനിറഞ്ഞു. ഇതിന്റെ വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. മുപ്പത് ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്‌തത്. നിരവധി പേർ ജുവലറി ഉടമയുടെ പ്രവൃത്തിയെ പ്രശംസിച്ച് കമന്റ് ചെയ്‌തിട്ടുണ്ട്.