വിലങ്ങാടിന് വേണ്ടത് പുനർനിർമ്മാണം

Friday 20 June 2025 12:02 AM IST
ആ​ലി​മൂ​ല​യി​ലെ​ ​സ​ര​സ്വ​തി.​ ​ക​ഴി​ഞ്ഞ​ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി​യ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഇ​വ​രെ​ ​ക​യ​ർ​ ​കെ​ട്ടി​യാ​ണ് ​ര​ക്ഷി​ച്ച​ത്

88കാരിയായ ആലിമൂലയിലെ സരസ്വതി അധികൃതരോട് കെെകൂപ്പി അഭ്യർത്ഥിക്കുകയാണ്, ഞങ്ങളെ കെെവിടരുതേ... എന്ന്. സരസ്വതിയുടെ മാത്രമല്ല, ഉരുൾപൊട്ടൽ ഭീഷണിയിലുള്ള എല്ലാവരുടെയും വിലാപമാണ്. ഡമോക്ളസിന്റെ വാൾ പോലെ

എപ്പോഴും താഴേയ്ക്ക് പതിക്കാവുന്ന വലിയ പാറക്കല്ലിനു താഴെയാണ് സരസ്വതിയുടെ വീട്. ഭീതിയോടെയല്ലാതെ വീടിനുള്ളിൽ കഴിയാനാകില്ല. 2019ലെ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലുപേർ മരിച്ചത് ഇവിടെയാണ്. വിലങ്ങാട്ടെ 80 ശതമാനം വീടുകളും ഉരുൾപൊട്ടൽ ഭീഷണിയിലാണെന്ന് ആറ് വർഷം മുമ്പ് ദുരന്തനിവാരണ അതോറിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. മുന്നൂറിലധികം കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. നടപടിയൊന്നുമുണ്ടായില്ല.

വിലങ്ങാട്ടു നിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള കുറ്റല്ലൂർ, പന്നിയരി, മാടാഞ്ചേരി എന്നിവിടങ്ങളിൽ മാത്രം ഇരുപതിലധികം ഉരുൾപൊട്ടലാണ് കഴിഞ്ഞ വർഷമുണ്ടായത്. ഇവിടെ 100 ഏക്കർ കൃഷി പൂർണമായും ഒലിച്ചുപോയി. 2018ൽ നൂറിൽ താഴെ വീടുകൾ മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് അടുത്തടുത്ത് നിരവധി വീടുകളാണ്. ജില്ലയിൽ ഏറ്റവുമധികം വനവാസികൾ താമസിക്കുന്ന ഉന്നതികളും വിലങ്ങാട്ടാണ്. അടുപ്പിൽ, കെട്ടിൽ, വായാട്, കമ്പളിപ്പാറ ,വാളാംതോട്, മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലുർ എന്നിവയാണ് പ്രധാനപ്പെട്ടവ. അടുപ്പിൽ, കെട്ടിൽ ഉന്നതികളിൽ പണിയ സമുദായക്കാരാണ് കുടുതൽ. മറ്റുള്ളവയിൽ കുറിച്യരും.

വിലങ്ങാടിന്റെ പുനരധിവാസത്തിന് സമഗ്ര പാക്കേജ് വേണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. കർഷകരുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. പശ്ചാത്തല സൗകര്യം പോലുമില്ലാത്ത വിലങ്ങാട്ട് ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലും സമഗ്ര മാറ്റമുണ്ടാകണം. കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി എന്നിവിടങ്ങളിൽ നിന്ന് ഏഴ് കിലോമീറ്റർ നടന്നാണ് വിദ്യാർത്ഥികൾ വിലങ്ങാട് സ്കൂളിലെത്തുന്നത്.

പ്രധാന ആവശ്യങ്ങൾ

  1. ആശ്വാസ ക്യാമ്പിന് സ്ഥിരം ഷെൽട്ടർ വേണം
  2. വിലങ്ങാട്ട് ഗവ. സ്കൂൾ, ആശുപത്രി നിർമ്മിക്കണം
  3. ശുദ്ധജലത്തിന് കുടിവെള്ള പദ്ധതി വേണം
  4. ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തണം
  5. യോജിച്ച തൊഴിൽ സംരംഭങ്ങൾ തുടങ്ങണം

  • മരിച്ചാലും ഞങ്ങൾ ക്യാമ്പിലേക്കില്ല

മഴ കനത്താൽ വീടൊഴിഞ്ഞ് ക്യാമ്പിലെത്തണം. അല്ലെങ്കിൽ ബന്ധുവീടുകളിലോ വാടക വീടുകളിലോ അഭയം തേടണം. മഴ മാറിയാൽ വീണ്ടും സ്വന്തം വീടുകളിലെത്തണം. ഈ ചാക്രിക ജീവിതത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് വിലങ്ങാട്ടുകാർ. തൊഴിലിന് പോകാനുമാകുന്നില്ല. വിലങ്ങാ‌ട് സെന്റ് ജോർജ് സ്കൂളിലും പാരിഷ് ഹാളിലുമാണ് ക്യാമ്പ് ഒരുക്കാറുള്ളത്. ഇത്രയും പേർക്കുള്ള ടോയ് ലറ്റ് സൗകര്യമില്ല. വൃദ്ധരും ഹൃദ്രോഗികളും കാൻസർ ബാധിതരുമടക്കം ക്യാമ്പിൽ കഴിയേണ്ടിവരുന്നു. വൃദ്ധർക്ക് തറയിൽ കിടക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളുമുണ്ട്. പരിമിതികൾ കാരണം പലരും ക്യാമ്പിലെത്താൻ മടിക്കുന്നു. കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിനെ തുടർന്ന് വാസയോഗ്യമല്ലാതായ വീടുകളിൽത്തന്നെ കഴിയുകയാണവർ. മരിച്ചാലും ഞങ്ങളിനി ക്യാമ്പിലേക്കില്ലെന്ന് പലരും ഉറപ്പിച്ചു പറയുന്നു.

(അവസാനിച്ചു)