കഞ്ചാവും രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ
കൊച്ചി: കാക്കനാട് കേന്ദ്രീകരിച്ച് പ്രൊഫഷണൽ, സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന അഞ്ച് കിലോ കഞ്ചാവും 4.33 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ കൊച്ചിസിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻബത്തേരി മന്തംകൊല്ലി കുട്ടൻതറപ്പേൽ വീട്ടിൽ കെ.വി.ജിതിൻ (23), കാക്കനാട് തുതിയൂർ സെസ് കുന്നത്ത്ചിറയിൽ ആഷിൻ ഷിബു (22) എന്നിവരെയാണ് പിടികൂടിയത്. ജിതിൻ ഓൺലൈൻ ടാക്സി ഡ്രൈവറും ആഷിൻ ഷിബു ഷൂട്ടിംഗിന് ക്യാമറകൾ നൽകുന്ന സ്ഥാപനത്തിലെ ജീവനക്കാരനുമാണ്.
ജിതിൻ താമസിക്കുന്ന തൃക്കാക്കര വാഴക്കാല ആർ.എസ്.എസ്‌മുക്ക് ഓർക്കിഡ് അവന്യൂറോഡിന് സമീപത്തെ വാടകക്കെട്ടിടത്തിലെ മുറിയിൽ ഡാൻസാഫും തൃക്കാക്കര പൊലീസും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെടുത്തത്.
ത്രാസും സിപ്പ്ലോക്ക് കവറുകളും പിടിച്ചെടുത്തു
കഞ്ചാവും രാസലഹരിയും അളക്കാനുപയോഗിക്കുന്ന ത്രാസും നിറയ്ക്കാനുപയോഗിക്കുന്ന സിപ്പ്ലോക്ക് കവറുകളും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കാക്കനാട് സ്വദേശിയാണ് മയക്കുമരുന്ന് നൽകിയതെന്നും വിതരണത്തിനായിട്ടാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പ്രതികൾ കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.