പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്കൂൾ പരിസരങ്ങളിൽ വേണ്ട 'നിറം കലർന്ന' രുചി

Friday 20 June 2025 12:02 AM IST
സ്കൂൾ പരിസരങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ നിന്നും

കോഴിക്കോട്: സ്കൂൾ പരിസരങ്ങളിൽ കൃത്രിമ നിറവും രുചിയും കലർത്തിയുള്ള ഭക്ഷ്യ വിൽപ്പന വേണ്ട, പിടി വീഴും. വിദ്യാർത്ഥികൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സ്കൂൾ പരിസരങ്ങളിൽ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിലവാരമില്ലാത്ത ഭക്ഷണം വിറ്റതിന് നാല് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. ഒരു സ്ഥാപനം പൂട്ടാൻ നിർദ്ദേശം നൽകി.

സ്കൂൾ തുറന്നതോടെ പരിസരങ്ങളിൽ വിവിധ നിറത്തിലുള്ള മിഠായികൾ, ശീതള പാനീയങ്ങൾ, ഐസ്‌ക്രീമുകൾ, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ വിൽപ്പന തകൃതിയാണ്. ഇത്തരം ഇടങ്ങളിൽ കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്താനുള്ള സാദ്ധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. സ്‌കൂൾ പരിസരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.സ്കൂളിന് 50 മീറ്റർ ചുറ്റളവിൽ അമിതമായ അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ ചേർത്തതും ആരോഗ്യത്തിന് ഹാനികരമാവുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ വില്ലനയ്ക്ക് നിയന്ത്രണമുണ്ട്. ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ, അവയുടെ ഉത്പാദക കേന്ദ്രങ്ങൾ, വിപണന മാർഗങ്ങൾ എന്നിവിടങ്ങളിലും പരിശോധിക്കുന്നുണ്ട്.

ഒരു സ്ഥാപനം പൂട്ടിച്ചു

നാല് സ്ഥാപനങ്ങൾക്ക് പിഴ

13 സർക്കിളുകളിലായി അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. രണ്ട് ദിവസങ്ങളിലായി 84 ഇടങ്ങളിൽ പരിശോധന നടത്തി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 10 സ്ഥാപനങ്ങൾക്ക് തിരുത്താൻ നോട്ടീസ് നൽകി നിലവാരമില്ലാത്ത ഭക്ഷണം വിറ്റതിന് ഒരു സ്ഥാപനം പൂട്ടിച്ചു. ഗുരുതരമായ കുഴപ്പങ്ങൾ കണ്ടെത്തിയ നാല്സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. 37 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കടകളിൽ ഗുണമേന്മയില്ലാത്ത വസ്തുക്കൾ നിർമ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്

''സ്‌കൂൾ പരിസരങ്ങളിലെ കടയുടമകൾ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതാണ്''.-എ സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ അസി.കമ്മിഷണർ.