വാർഡ് അംഗം തുണയായി, രാകേഷിന് സൈക്കിളിൽ സ്കൂളിൽ പോകാം
Friday 20 June 2025 12:54 AM IST
നെടുമൺ : കിലോമീറ്ററുകളോളം നടന്ന് സ്കൂളിൽ എത്തിയിരുന്ന രാകേഷിന് ഇനി സൈക്കിളിൽ സ്കൂളിൽ എത്താം. നെടുമൺ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് രാകേഷ്. ചെറുഗ്രാമപ്രദേശമായ വെള്ളാരംകുന്ന് നിന്ന് യാത്രമാർഗം ഇല്ലാതിരുന്നതിനാൽ രാകേഷ് നടന്നാണ് സ്കൂളിൽ എത്തിയിരുന്നത്. തടിവെട്ടു തൊഴിലാളിയായ അച്ഛനോട് സൈക്കിൾ വാങ്ങി തരണമെന്ന് രാകേഷ് പറഞ്ഞിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം സാധിച്ചിരുന്നില്ല. എന്നാൽ രാകേഷിന്റെ ദുരിതം തിരിച്ചറിഞ്ഞ ക്ലാസ് ടീച്ചർ സോജ വാർഡ് അംഗം സുരേഷ് ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സുരേഷ് ബാബു ഇടപെട്ടതോടെ നെടുമൺ സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയായ സ്നേഹക്കൂട് സ്കൂൾ വികസനത്തിനായി നൽകിയ ഫണ്ടിൽ നിന്ന് തുക ചെലവിട്ട് സൈക്കിൾ വാങ്ങി രാകേഷിന് നൽകി. കഴിഞ്ഞ ദിവസം സൈക്കിൾ രാകേഷിന് കൈമാറി.