സ്കൂൾ വളപ്പിൽ കയറി മതിൽ തകർത്തു, കാട്ടാനയെ കണികണ്ട് കല്ലേലിക്കാർ

Friday 20 June 2025 12:04 AM IST
കാട്ടാന എത്തിയ കല്ലേലി ജി ജെ എം യു പി സ്കൂൾ

കോന്നി : ഇന്നലെ രാവിലെ കാട്ടാനയെ കണികണ്ടാണ് കല്ലേല്ലിക്കാർ ഉണർന്നത്.

കോന്നി - അച്ചൻകോവിൽ റോഡരികിലെ കല്ലേലി ജി.ജെ.എം.യു.പി സ്കൂളിന്റെ വളപ്പിൽ കടന്ന ആന സമീപത്തെ മതിൽ ഉൾപ്പടെ തകർത്തു. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി കുളത്തുമണ്ണിൽ വീണ്ടും ഇറങ്ങിയ കാട്ടാനക്കൂട്ടം ലേഖ ഭവനത്തിൽ രവീന്ദ്രൻ, മോഡിയിൽ റോസമ്മ എന്നിവരുടെ കാർഷികവിളകൾ നശിപ്പിച്ചു. രണ്ടാഴ്ച മുൻപ് നാട്ടുകാരുടെയും വനപാലകരുടെയും നേതൃത്വത്തിൽ കാട്ടാനകളെ ജനവാസ മേഖലയിൽ നിന്ന് ഉൾവനത്തിലേക്ക് ഓടിച്ചിരുന്നു. കോന്നി - കൊക്കത്തോട് റോഡിലെ കല്ലേലി ചെക്കുപോസ്റ്റ് മുതൽ വയക്കര വരെയുള്ള ഭാഗങ്ങളിൽ റോഡിൽ രാത്രിയിലും പകലും കാട്ടാനകളുടെ സാന്നിദ്ധ്യമുണ്ട്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിൽ കൃഷി ചെയ്യുന്ന കൈതച്ചക്കകൾ ഭക്ഷിക്കാനായി എത്തുന്ന കാട്ടാനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നതും പതിവാണ്.

നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം രണ്ടാഴ്ച മുൻപ് കാട്ടാന റോഡിൽ പനമരം പിഴുതിട്ടതിനെ തുടർന്ന് ഗതാഗത തടസവും വൈദ്യുതി ബന്ധവും തകരാറിലായി. കോന്നി - കൊക്കാത്തോട് റോഡിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകളും കാട്ടാനയുടെ മുന്നിൽ അകപ്പെട്ടിരുന്നു. കല്ലേലിയിലെ ജനവാസ മേഖലയിലെ വീടിന്റെ ഗേറ്റും മതിലും രണ്ടാഴ്ച മുൻപ് കാട്ടാന തകർത്തു. കല്ലേലി എസ്റ്റേറ്റിൽ ജീവനക്കാരനെ കാട്ടാന ഓടിച്ചതും വീണു പരിക്കേറ്റതും അടുത്തിടെയാണ്.

1. വനാതിർത്തിയിൽ സൗരോർജ വേലി നിർമ്മാണം ആരംഭിച്ചത് കാട്ടാന ഭീഷണിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

2. കുളത്തൂമണ്ണിലെ കൈതച്ചക്കത്തോട്ടത്തിൽ അടുത്തിടെ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം വിവാദമായിരുന്നു.

സ്കൂൾ വളപ്പിൽ കാട്ടാന എത്തിയതോടെ വിദ്യാർത്ഥികളും

അദ്ധ്യാപകരും ഭയപ്പാടിലാണ്.

മിനി ഇടുക്കിള (അരുവാപ്പുലം പഞ്ചായത്ത് അംഗം)