ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയുമായി കാർത്ത്യായനി
തൊടുപുഴ: പഠിത്തം ഏഴാം ക്ളാസിൽ അവസാനിപ്പിക്കേണ്ടിവന്ന കാർത്ത്യായനി പടവെട്ടിക്കയറുകയാണ് സാഹിത്യ ലോകത്തേക്ക്. ഒരു കൈയിൽ ലോട്ടറിയും മറുകൈയിൽ സ്വന്തം കൃതികളുമായി തൊടുപുഴയുടെ തെരുവോരങ്ങളിലുണ്ട് ഈ അറുപത്തിയഞ്ചുകാരി.
ജീവിത പ്രാരാബ്ധങ്ങൾ കാരണം പത്തുവർഷം മുമ്പ് ലോട്ടറിയുമായി ഇറങ്ങുമ്പോൾ ചെറുപ്പത്തിലേയുള്ള മോഹവും ചിറകുവിരിച്ചു. സ്വന്തം കൃതി പ്രസിദ്ധീകരിക്കണം. കിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് മാറ്റിവച്ചു.
നാലു വർഷം മുമ്പ് 2021ൽ സ്വപ്നം സഫലമായി. 'നാടൻപാട്ടുകളുടെ അക്ഷരക്കൂട്ട് " എന്ന ആദ്യ പുസ്തകം പുറത്തിറക്കി. കഥ, കവിത, നാടൻ പാട്ടുകൾ എന്നിങ്ങനെ 24 രചനകൾ അടങ്ങിയ സമാഹാരമാണിത്. 100 രൂപ വിലയുള്ള പുസ്തകത്തിന്റെ രണ്ടായിരം കോപ്പിയും കാർത്ത്യായനി തന്നെ വിറ്റഴിച്ചു.
'ജീവിത നൗക" എന്ന രണ്ടാമത്തെ കൃതി കഴിഞ്ഞവർഷം പുറത്തിറക്കി.കവിതകളും നാടൻപാട്ടുകളും അടങ്ങുന്ന 35 രചനകളുടെ സമാഹാരമാണ്. മുന്നൂറോളം കോപ്പികൾ കാർത്ത്യായനി വിറ്റു കഴിഞ്ഞു. 35 കഥകളുടെ സമാഹരത്തിന്റെ പണിപ്പുരയിലാണിപ്പോൾ. അതാണ് മൂന്നാമത്തെ കൃതിയായി പ്രസിദ്ധീകരിക്കുന്നത്. അഞ്ചു കഥകൾ എഴുതിക്കഴിഞ്ഞു.
സ്ഥിര വരുമാനവും കിടപ്പാടവും ഇല്ലെന്ന സങ്കടം മാത്രം ബാക്കി. ഭർത്താവ് കൃഷ്ണൻകുട്ടിക്കൊപ്പം വെള്ളിയാമറ്റം പന്നിമറ്റത്ത് വാടകയ്ക്കാണ് താമസം. മക്കളായ സ്മിതയും സംഗീതയും സോമനും വിവാഹിതരമായി മറ്റു സ്ഥലങ്ങളിലാണ്.
റേഡിയോ താരം
കാർത്ത്യായനിയുടെ കലയോടുള്ള അഭിനിവേശം നാട്ടുകാർക്കെല്ലാം അറിയാം. മനോഹരമായി നാടൻ പാട്ടുകൾ ആലപിക്കുന്ന കാർത്ത്യായനി ദേവികുളം റേഡിയോ നിലയത്തിൽ പാട്ടുകളും ചെറുകഥകളും അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സാഹിത്യ സംഘങ്ങളിലും സജീവ സാന്നിധ്യമാണ്.
പുസ്തകം ഇറക്കാൻ പ്രസുകാരും പിന്തുണച്ചു. അച്ചടിക്കാനുള്ള പണം ലോട്ടറി വിൽപ്പനയിലൂടെ കിട്ടുന്നതനുസരിച്ച് ചെറിയ തുകകളായി ആഴ്ചതോറും കൈമാറുകയായിരുന്നു.
' ചെറുപ്പം മുതലുള്ള എന്റെ ജീവിതാനുഭവങ്ങളാണ് രചനയിലുള്ളത്. കൗമാരകാലത്ത് നാടക നടിയായിരുന്നു. വിവാഹശേഷം കലാരംഗം ഉപേക്ഷിക്കേണ്ടി വന്നു.'
-കാർത്ത്യായനി കൃഷ്ണൻകുട്ടി