റവാഡ ചന്ദ്രശേഖർ മുഖ്യമന്ത്രിയെ കണ്ടു,

Friday 20 June 2025 1:37 AM IST

തിരുവനന്തപുരം: കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിലുള്ള ഡി.ജി.പി റവാഡ ചന്ദ്രശേഖർ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് പൊലീസ് മേധാവിയാക്കിയാൽ കേരളത്തിലേക്ക് മടങ്ങുമെന്നറിയിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്രിൽ സെക്രട്ടറി (സെക്യൂരിറ്റി) തസ്തികയിൽ റവാഡയെ അടുത്തിടെയാണ് നിയമിച്ചത്. പൊലീസ് മേധാവിയായി നിയമിക്കാനുള്ള അന്തിമപട്ടികയിലേക്ക് പരിഗണിക്കാൻ കേന്ദ്രത്തിനയച്ച പട്ടികയിൽ രണ്ടാമനാണ് റവാഡ.

കേന്ദ്രം പുതിയ പദവിയിൽ നിയമിച്ചതോടെ റവാഡ കേരളത്തിലേക്ക് തിരിച്ചെത്തില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. പൊലീസ് മേധാവി പരിഗണനാ പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതായാണ് സൂചന. മുതിർന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായും തലസ്ഥാനത്തെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുമായും റവാഡ കൂടിക്കാഴ്ച നടത്തി. 10വർഷത്തിലേറെയായി ഐ.ബിയിലാണ് റവാഡ പ്രവർത്തിക്കുന്നത്.

അതിനിടെ, കേന്ദ്രത്തിന് സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് 30വർഷം സർവീസില്ലാത്തതിനാൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ ഒഴിവാക്കരുതെന്ന് അഭ്യർത്ഥിച്ച് സർക്കാർ യുപിഎസ്.സിക്ക് കത്ത് നൽകി. പട്ടികയിൽ ആറാമനാണ് അജിത്. 30വർഷം സർവീസുള്ള ഡിജിപിമാർ ഇല്ലെങ്കിലേ അതിനു താഴെയുള്ള എഡിജിപിമാരെ പരിഗണിക്കാവൂ എന്നാണ് കേന്ദ്രചട്ടം. എന്നാൽ അജിത്തിന് അടുത്തവർഷമേ 30വർഷം സർവീസ് തികയൂ. നിലവിലെ ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഈ മാസം വിരമിക്കുമ്പോൾ അജിത്തിന് ഡിജിപി റാങ്ക് ലഭിക്കുമെന്നും മുൻകാലങ്ങളിൽ എഡിജിപിമാരായിരുന്ന അനിൽകാന്തിനെയും ഷേഖ് ദർവേഷിനെയും പൊലീസ് മേധാവിയാക്കിയിട്ടുണ്ടെന്നും സംസ്ഥാനം അറിയിച്ചു. ഇതിനു ശേഷമാണ് 30വർഷമായവരെയേ പരിഗണിക്കാവൂ എന്ന ചട്ടം കേന്ദ്രം കൊണ്ടുവന്നത്. പൊലീസ് മേധാവി നിയമനത്തിനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയുണ്ടാക്കാനുള്ള യു.പി.എസ്.സി യോഗം അടുത്തയാഴ്ച ചേരും. നിലവിലെ സാഹചര്യത്തിൽ ഡി.ജി.പിമാരായ നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവർ പട്ടികയിലുൾപ്പെടും. ഇതിലൊരാളെ സംസ്ഥാനം നിയമിക്കേണ്ടി വരും. അല്ലെങ്കിൽ ഇൻ-ചാർജ്ജ് ഡിജിപിയെ നിയമിക്കണം. ഇതും സർക്കാരിന്റെ പരിഗണനയിലുണ്ട്.