അഡ്വാൻസ് യോഗയിൽ ഗിന്നസ് ലക്ഷ്യമിട്ട് 12കാരി

Friday 20 June 2025 12:59 AM IST
അഡ്വാൻസ് യോഗ പരിശീലനത്തിൽ ഉമ

കോഴിക്കോട്: മൂന്നാം വയസിൽ യോഗാഭ്യസം തുടങ്ങിയതാണ് ഉമ ജിഞ്ചു. പഠനത്തിനിടയിലും പരിശീലത്തിനായി സമയം കണ്ടെത്തി. സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ വരെ നേടിയ ഉമ ഇപ്പോൾ ഗിന്നസ് റെക്കാഡ് നേടാനൊരുങ്ങുകയാണ്.

രാമനാട്ടുകര സേവാമന്ദിർ സ്കൂളിലെ എട്ടാംക്ളാസ് വിദ്യാർത്ഥിയാണ് ഇരിങ്ങല്ലൂർ വില്ല്വാത്ത് മേത്തൽ വീട്ടിൽ ടി.കെ. ജിഞ്ചുവിന്റെയും ഐശ്വര്യയുടെയും ഏകമകളായ ഉമ. സാധാരണ യോഗയിൽ നിന്ന് വ്യത്യസ്തമായ അഡ്വാൻസ് യാേഗ അവതരണത്തിലൂടെയാണ് ഗിന്നസ് ലക്ഷ്യം വയ്ക്കുന്നത്. 21ന് രാജ്യാന്തര യോഗ ദിനത്തിൽ മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ മുറ്റത്താണ് ഒരു മണിക്കൂർ വരെ നീളുന്ന ഗിന്നസ് യോഗാഭ്യാസം. രാവിലെ ഒമ്പതിന് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. യോഗാചാര്യനാണ് ഉമയുടെ അച്ഛൻ ജിഞ്ചു ടി.കെ. യോഗ സംസ്ഥാന വിധി കർത്താവും ദേശീയ യോഗ പരിശീലകനുമാണ്. അമ്മ ഐശ്വര്യ യോഗ അദ്ധ്യാപികയും സംസ്ഥാന യോഗ വിധി കർത്താവുമാണ്. ഇരുവരുടെയും പ്രോത്സാഹനമാണ് ഉമയ്ക്ക് പ്രചോദനം.

  • ആറ് മാസത്തെ നിരന്തര പരിശീലനം
  • ഗിന്നസ് റെക്കാഡിനായി ആറു മാസമായി സാധാരണ പരിശീലനത്തിന് പുറമെ ഒന്നര മണിക്കൂർ പ്രത്യേകം പരിശീലിക്കുന്നുണ്ട്. അച്ഛനാണ് ഗുരു. അഡ്വാൻസ് യോഗ, ദിവസവും ഒന്നര മണിക്കൂർ അഭ്യസിക്കേണ്ടതുണ്ട്. ചാമ്പ്യൻഷിപ്പിനാണെങ്കിൽ മൂന്നു മുതൽ നാല് മണിക്കൂറും. വാർത്താസമ്മേളനത്തിൽ ജിഞ്ചു ടി.കെ, ഡോ. ആത്മദേവ് ദാമോദർ, എ.കെ. അനുരാജ്, എം. ദിലീഫ്, ഷിജു എം.ടി എന്നിവർ പങ്കെടുത്തു.