വനം വകുപ്പിന് ക്യാമ്പിംഗ്,​ പട്രോളിംഗ് ഉപകരണങ്ങൾ നൽകി മുത്തൂറ്റ് ഫിനാൻസ്

Friday 20 June 2025 2:06 AM IST

പാലക്കാട്: പറമ്പിക്കുളം കടുവാസങ്കേതത്തിലെ വനവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ ക്യാമ്പിംഗ്,​ പട്രോളിംഗ് ഉപകരണങ്ങൾ നൽകി മുത്തൂറ്റ് ഫിനാൻസ്. മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള 200 വാട്ടർ-റെസിസ്റ്റന്റ് ബാക്ക്പാക്കുകളും 150 ജോഡി ട്രെക്കിംഗ് ഷൂസുകളുമാണ് വനം വകുപ്പിന് കൈമാറിയത്. വനത്തിനുള്ളിലൂടെ കൂടുതൽ സഞ്ചരിക്കാനും അതാത് മേഖലകളിൽ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്താനും ഫോറസ്റ്റ് വാച്ചർമാരെ സഹായിക്കുകയാണ് ലക്ഷ്യം.

പാലക്കാട് ജില്ലയിൽ 643.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പറമ്പിക്കുളം കടുവാ സങ്കേതം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സങ്കേതത്തിന്റെയും ജൈവവൈവിദ്ധ്യ ശൃംഖലകളുടെയും ഒരു പ്രധാന ഭാഗമാണ്. ശരിയായ ഉപകരണങ്ങൾ ഉപയോഗിച്ച് വനപാലകർക്ക് ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും വനത്തിന്റെ ആവാസവ്യവസ്ഥയും സമീപ പ്രദേശങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാനും സാധിക്കുമെന്നും അവരുടെ ദൗത്യത്തിന് പിന്തുണ നൽകാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായും മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു. പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഉപകരണങ്ങൾ നൽകിയത്.