മഴയിലും ചോരാതെ പോളിംഗ് ആവേശം:​ ഇരുമുന്നണിക്കും പ്രതീക്ഷ,​ ഒപ്പം ആശങ്കയും

Friday 20 June 2025 1:09 AM IST

മലപ്പുറം: രണ്ടാഴ്ചയിലേറെ നീണ്ട കാടിളക്കിയുള്ള പ്രചാരണം നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് (73.26 ശതമാനം). പ്രതികൂല കാലാവസ്ഥയും വോട്ടർമാരെ ബാധിച്ചില്ല. 2021ൽ 76.60 ശതമാനമായിരുന്നു പോളിംഗ്. എൽ.ഡി.എഫും യു.ഡി.എഫും ഭരിക്കുന്ന പഞ്ചായത്തുകളിൽ പോളിംഗ് ഉയർന്നതോടെ അവകാശവാദവുമായി ഇരു മുന്നണിയും രംഗത്തുണ്ട്.

നിലവിലെ പോളിംഗ് പ്രകാരം ആർക്കെങ്കിലും അനുകൂലമായ ട്രെൻഡ് ഉണ്ടെന്ന് പറയാനാവില്ലെന്നാണ് വിലയിരുത്തൽ. നിലമ്പൂർ നഗരസഭയിലും പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളിലും എൽ.ഡി.എഫാണ് ഭരിക്കുന്നത്. വഴിക്കടവ്, ചുങ്കത്തറ, എടക്കര, മൂത്തേടം, കരുളായി എന്നിവിടങ്ങളിൽ യു.ഡി.എഫും. ഇതിൽ അമരമ്പലത്ത് എൽ.ഡി.എഫിനും മൂത്തേടത്ത് യു.ഡി.എഫിനും സ്ഥിരമായി വലിയ ഭൂരിപക്ഷം ലഭിക്കാറുണ്ട്. മറ്റിടങ്ങളിലെല്ലാം ഏകദേശം ബലാബലമാണ്.

വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ആര്യാടൻ ഷൗക്കത്തിനോടുള്ള അതൃപ്ത വോട്ടുകൾ അൻവർ പിടിച്ചേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ജയപരാജയങ്ങളെ സ്വാധീനിക്കാൻ ഇതിന് കഴിയില്ലെന്നതിലാണ് യു.ഡി.എഫ് ക്യാമ്പിന്റെ ആത്മവിശ്വാസം. മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന് വിലയിരുത്തുന്ന സി.പി.എം, 2021ലെ വിജയം ആവർത്തിച്ചേക്കാമെന്ന പ്രതീക്ഷയിലാണ്. പാർട്ടി അനുഭാവി വോട്ടുകൾ ഉറപ്പാക്കിയെന്ന റിപ്പോർട്ടാണ് താഴേത്തട്ടിൽ നിന്ന് നൽകിയിട്ടുള്ളത്. അതേസമയം, അനുഭാവി വോട്ടുകളിൽ ഒരു പങ്ക് അൻവറിന് പോൾ ചെയ്യപ്പെട്ടോയെന്ന സംശയം എൽ.ഡി.എഫിലുണ്ട്. എൽ.ഡി.എഫിൽ നിന്ന് 25 ശതമാനവും യു.ഡി.എഫിൽ നിന്ന് 35 ശതമാനവുമടക്കം 75,000 വോട്ട് ലഭിക്കുമെന്നാണ് അൻവറിന്റെ അവകാശവാദം.

12,000നും 15,000നും ഇടയിലെ വോട്ടാണ് എൻ.ഡി.എയുടെ മനസിൽ.

പ്രിയങ്കാ ഗാന്ധി മത്സരിച്ച വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ 61.46 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. ഏഴ് മാസത്തിനിപ്പുറം നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പത്ത് ശതമാനത്തിലധികം വർദ്ധന. നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ 16 തിരഞ്ഞെടുപ്പുകൾ നടന്നപ്പോൾ മൂന്ന് തവണ മാത്രമാണ് പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തിയത്. 1987ലെ 83.15 ശതമാനമാണ് ഏറ്റവും ഉയർന്നത്.