പഴയന്നൂർ ക്ഷേത്രത്തിലെ അമൂല്യ സ്വർണക്കിരീടം കാണാനില്ല
ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് 15 ഗ്രാം തൂക്കം വരുന്ന അമൂല്യക്കല്ലുകൾ പതിച്ച സ്വർണ കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്. പുതിയ ഓഫീസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം - പാത്ര രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ പരിശോധന നടത്താറുണ്ട്. ദേവസ്വം ഗോൾഡ് അപ്രൈസറാണ് കണക്കുകൾ തിട്ടപ്പെടുത്തിയത്.
കിരീടം കാണാനില്ലെന്ന് ദേവസ്വം ഓഫീസറായി ചുമതലയേറ്റ സച്ചിൻ വർമ്മ
ദേവസ്വം വിജിലൻസിന് പരാതി നൽകി. നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫീസർ ദിനേശിന് പ്രൊമോഷൻ ലഭിച്ചതിനെ തുടർന്നാണ് പുതിയ ഓഫീസറായി സച്ചിൻ വർമ്മയെ ദേവസ്വം നിയോഗിച്ചത്. രാജഭരണകാലം മുതലുള്ള അമൂല്യമായ സ്വർണ്ണക്കിരീടമാണ് കാണാതായത്. പരാതിയെ തുടർന്ന് ദേവസ്വം വിജിലൻസ് അസി. കമ്മിഷണർ ഷീജയുടെ നേതൃത്വത്തിലുള്ള സംഘം പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെത്തി അന്വേഷണമാരംഭിച്ചു.