ബ്രസീലിയൻ ക്ളബുമായി കൈകോർത്ത് കൊമ്പൻസ്

Thursday 19 June 2025 11:23 PM IST

തിരുവനന്തപുരം : സൂപ്പർ ലീഗ് കേരള ഫുട്ബാൾ ക്ളബ് തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയും പ്രശസ്ത ബ്രസീലിയൻ ക്ളബ് ബോട്ടഫോഗോയും സഹകരിച്ച് മുന്നേറാൻ കരാർ ഒപ്പിട്ടു. ഇപ്പോൾ ഫിഫ ക്ളബ് ലോകകപ്പിൽ കളിക്കുന്ന ബോട്ടഫോഗോയുടെ സഹോദരക്ളബായി കൊമ്പൻസ് പ്രവർത്തിക്കും. തലസ്ഥാന ജില്ലയിലെ ഫുട്‌ബാൾ വികസനത്തിന് കുതിപ്പേകുന്ന വമ്പൻ പദ്ധതികളാണ് ഇരുക്ളബുകളും സംയുക്തമായി ആസൂത്രണം ചെയ്യുന്നത്.

ബ്രസീലിൽ നിന്ന് മികച്ച താരങ്ങളെയെത്തിച്ച് സൂപ്പർ ലീഗ് കേരളയിൽ സെമിഫൈനൽ വരെയെത്തിയതിന്റെ തുടർച്ചയാണ് കൊമ്പൻസ് വിഭാവനം ചെയ്യുന്നത്. ബ്രസീലിയന്‍ ഫുട്‌ബാളിന്റെ കേളീശൈലിയും വിദഗ്ധ പരിശീലനരീതികളും പകർന്നു നൽകുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ബോട്ടഫോഗോയുടെ ഉടമസ്ഥരായ ഈഗിൾ ഫുട്ബാൾ ഗ്രൂപ്പിന് കീഴിലുള്ള മൾട്ടിക്ലബ് ശൃംഖലയിലേക്കും കൊമ്പൻസ് എത്തും.ഒളിമ്പിക് ലിയോൺ (ഫ്രാൻസ്), ക്രിസ്റ്റൽ പാലസ് (ഇംഗ്ലണ്ട്), ആർ.ഡബ്ല്യു.ഡി മോളിൻബീക്ക് (ബെൽജിയം) എന്നിവയാണ് ഈഗിൾ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ക്ളബുകൾ.

ബോട്ടഫോഗോയുമായുള്ള പങ്കാളിത്തം,കേരളത്തിന് അന്താരാഷ്ട്ര ഫുട്‌ബാൾ അനുഭവം നൽകുക എന്ന തങ്ങളുടെ ദൗത്യം നിറവേറ്റുന്നതിലുള്ള ഒരു പ്രധാന നാഴികക്കല്ലാണെന്ന് കൊമ്പൻസ് എഫ്‌.സി മാനേജിംഗ് ഡയറക്ടർ കെ.സി. ചന്ദ്രഹാസൻ പറഞ്ഞു.