സംരംഭകരായ 10 കുടുംബശ്രീ യൂണിറ്റുകൾക്ക് അവാർഡ്

Friday 20 June 2025 12:09 AM IST

കൊല്ലം: കുടുംബശ്രീയും കേരളവിഷനും ചേർന്ന് നൽകുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് അവാർഡുകൾ 21ന് വിതരണം ചെയ്യും. ജില്ലയിലെ പത്ത് കുടുംബശ്രീ യൂണിറ്റുകൾ നടത്തുന്ന മികച്ച സംരംഭക യൂണിറ്റുകൾക്കാണ് പുരസ്കാരം. ഓയൂർ സഖി ആക്ടിവിറ്റി ഗ്രൂപ്പ്, മണപ്പള്ളി ടെൻസ്റ്റാർ ആക്ടിവിറ്റി ഗ്രൂപ്പ്, മൈലാപ്പൂർ റോയൽ ഡയറി ആൻഡ് ഐസ്ക്രീം, തഴവ ഒരുമ തഴപ്പായ യൂണിറ്റ്, കൊല്ലം വേണാട് പ്യൂരിഫൈഡ് ഡ്രിങ്കിംഗ് വാട്ടർ, കടപ്പാക്കട എസോഫ് ഫാഷൻ ഡിസൈൻ സ്കൂൾ, ഇട്ടിവ പവിത്രം ചപ്പാത്തി യൂണിറ്റ്, പ്ളാക്കാട് ഡച്ചൂസ് ഡേ കെയർ, ഐവകാലപ്പടി ഹരിത ജെ.എൽ.ജി, ചവറ സൗത്ത് മാതാ ക്ളിനിക്കൽ ലബോറട്ടറി എന്നിവയ്ക്കാണ് അവാർഡുകൾ. ഓരോ യൂണിറ്റിനും 10,000 രൂപ കാഷ് അവാർഡും ഫലകവും നൽകും. 21ന് വൈകിട്ട് 5.30ന് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയർ ഹണി ബഞ്ചമിൻ അദ്ധ്യക്ഷയാകും. എം.എൽ.എമാരായ എം.നൗഷാദ്, കോവൂർ കുഞ്ഞുമോൻ എന്നിവർ പുരസ്കാരങ്ങൾ സമർപ്പിക്കും. പത്രസമ്മേളനത്തിൽ സംഘാടകരായ ബിനു ശിവദാസ്, സുരേഷ് ബാബു, നൗഷാദ്, അജി എന്നിവർ പങ്കെടുത്തു.