കശുഅണ്ടി തൊഴിലാളി ധർണ
കൊല്ലം: അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുക, പി.എഫ് പെൻഷൻ വെട്ടിക്കുറയ്ക്കൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസലിന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ 22 മുതൽ 30 വരെ പ്രാദേശിക ധർണ നടത്താൻ പ്രസിഡന്റ് ജി.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. കേരളത്തിലെ തൊള്ളായിരത്തിലധികം കശുഅണ്ടി ഫാക്ടറികളിൽ നൂറിൽ താഴെ മാത്രമാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാർ പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കി തുടങ്ങിയിട്ടും പല വ്യവസായികളും വിമുഖത കാണിക്കുകയാണ്. നിലവിൽ ലൈസൻസുള്ള ഫാക്ടറികൾ വില്പന നടത്തുന്നതിന് യൂണിയനുകളുടെ അഭിപ്രായം ആരായുന്നില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത പാലിക്കണം. തൊഴിലാളികൾക്ക് കിട്ടിക്കൊണ്ടിരുന്ന പ്രൊവിഡന്റ് ഫണ്ട് പെൻഷനിലും കേന്ദ്ര സർക്കാർ വെട്ടി ക്കുറവ് വരുത്തുകയാണ്. വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന ധർണയിൽ മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ജി.ലാലു റിപ്പോർട്ട് അവതരിപ്പിച്ചു. അയത്തിൽ സോമൻ, വി.സുഗതൻ, കടമ്പനാട് വിജയകുമാർ, ബി.അജയഖോഷ്, എം.സുരേന്ദ്രൻ, ബി.രാജു, ജയപ്രസാദ്, എം.സജീവ്, എ.ജി.രാധാകൃഷ്ണൻ, ജി.പ്രദീപ് എന്നിവർ സംസാരിച്ചു.