പെരുമൺ- പേഴുംതുരുത്ത് പാലം: പ്രശ്നപരിഹാരത്തിന് കിഫ്ബി സംഘത്തിന്റെ പരിശോധന

Friday 20 June 2025 12:10 AM IST

കൊല്ലം: പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ എസ്റ്റിമേറ്റ് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കിഫ്ബി എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം പാലം പരിശോധിച്ചു. നിർമ്മാണത്തിലെ സങ്കീർണത അടക്കം കരാർ കമ്പനിയുടെ വാദങ്ങൾ വിലയിരുത്താനായിരുന്നു സന്ദർശനം. എക്സി. എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിഫ്ബി സി.ഇ.ഒ യോഗം വിളിച്ച് പ്രശ്നപരിഹാര ചർച്ച നടത്തും.

പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്പാനിന്റെ പുതിയ ഡിസൈൻ പ്രകാരം നിർമ്മാണം നടത്താൻ എസ്റ്റിമേറ്റ് പരിഷ്കരിക്കണമെന്നാണ് കരാർ കമ്പനിയുടെ വാദം. അഞ്ച് കോടിയുടെ വരെ വർദ്ധനവാണ് കമ്പനി ആവശ്യപ്പെടുന്നത്. എന്നാൽ സമാനമായ നിർമ്മാണം ആലപ്പുഴയിലടക്കം നടക്കുന്നുണ്ടെന്നും എസ്റ്റിമേറ്റ് ഉയർത്താനാവില്ലെന്നുമാണ് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയുടെ വാദം. കരാർ കമ്പനി സമ്മർദ്ദത്തിലാക്കാനാണ് നിർമ്മാണം നിറുത്തിവച്ചതെന്നും അതിന് വഴങ്ങി എസ്റ്റിമേറ്റ് ഉയർത്തിയാൽ കീഴ്വഴക്കമായി മാറുമെന്നും ആരോപണമുണ്ട്. ഇതിനിടിൽ എം.മുകേഷ് എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ഫണ്ടിംഗ് ഏജൻസിയായ കിഫ്ബി പ്രശ്ന പരിഹാരത്തിനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ എക്സിക്യുട്ടീവ് എൻജിനിയറെ നിയോഗിച്ചത്.

മദ്ധ്യഭാഗത്തെ 70 മീറ്റർ നീളത്തിലുള്ള ഒരു സ്പാനും ഇരുവശങ്ങളിലുമായി 42 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളുമാണ് ഇനി നിർമ്മിക്കാനുള്ളത്. മറ്റ് പാലങ്ങളിൽ നിന്ന് വത്യസ്തമായി ഈ മൂന്ന് സ്പാനുകൾ പൈലോണുകളിൽ സ്റ്റീൽ റോപ്പ് ഉപയോഗിച്ച് തൂക്കിയാണ് നിറുത്തുന്നത്. ഇതിൽ 70 മീറ്റർ സ്പാനിന്റെ മദ്ധ്യഭാഗത്തെ 9 മീറ്റർ നീളത്തിലുള്ള നിർമ്മാണം മാത്രമാണ് ഇതുവരെ നടന്നത്. ഇതിനിടിൽ കരാർ കമ്പനി സമർപ്പിച്ച 5.6 കോടിയുടെ ബിൽ കെ.ആർ.എഫ്.ബി മാറി നൽകാഞ്ഞതോടെയാണ് നിർമ്മാണം നിറുത്തിയത്.

കിഫ്ബിയെ കൊണ്ട് അടിയന്തര തീരുമാനം എടുപ്പിച്ച് പാലം നി‌ർമ്മാണം വൈകാതെ പുനരാരംഭിക്കും.

എം. മുകേഷ് എം.എൽ.എ