* നാളെ യോഗ ദിനം * നാലു ലക്ഷം കേന്ദ്രങ്ങളിൽ യോഗ സംഗമങ്ങൾ

Friday 20 June 2025 2:11 AM IST

കൊച്ചി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ നാളെ കേന്ദ്ര ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന യോഗാസംഗമത്തിൽ കേരളത്തിൽ നിന്നുൾപ്പെടെ നാലുലക്ഷത്തിലേറെസംഘടനകളും സ്ഥാപനങ്ങളും പങ്കുചേരും. ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്നതാണ് ‌വർഷത്തെ വിഷയം.

സർക്കാർ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, എൻ.ജി.ഒകൾ, സാമൂഹിക സംഘടനകൾ തുടങ്ങിയവ രാവിലെ 6.30 മുതൽ 7.45 വരെ യോഗസംഗമം സംഘടിപ്പിക്കും. കാശ്‌മീർ മുതൽ കേരളം വരെ വേദിയാകും. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഏറ്റവുമധികം സാമൂഹികപങ്കാളിത്തം നേടുന്ന പരിപാടിയായി യോഗാസംഗമം മാറുമെന്ന് ആയുഷ് അധികൃതർ പറഞ്ഞു. ആയുഷ് വകുപ്പിൽ രജിസ്റ്റർ ചെയ്‌ത സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് അംഗീകാരപത്രവും, അഭിനന്ദന കത്തുകളും കേന്ദ്ര സർക്കാർ നൽകും.

2015 ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആരംഭിച്ചത്. ലോകമെങ്ങും യോഗയെ എത്തിക്കുകയാണ് ലക്ഷ്യം. ദിവസവും യോഗ പിന്തുടരുന്ന 10 ലക്ഷം പേരെ സൃഷ്ടിച്ച് സൗഖ്യവിപ്ലവം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധ പരിപാടികൾ നടപ്പാക്കും.

യോഗ അൺ പ്‌ളഗ്ഡ്

യുവാക്കളെ ലക്ഷ്യമിടുക്കുന്നു. പുതുതലമുറയെ പ്രചോദിപ്പിക്കുകയും യോഗ പിന്തുടരാനും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

സംയോഗ

ആയുർവേദം, ഹോമിയോപ്പതി, യൂനാനി, സിദ്ധ, പ്രകൃതിചികിത്സ തുടങ്ങിയവ പോലെ തെളിയിക്കപ്പെട്ട സമഗ്ര ചികിത്സാ പദ്ധതിയാക്കി മാറ്റുക.

ചികിത്‌സകളുമായി സംയോജിപ്പിക്കുക.

''കേരളീയർക്ക് യോഗയോട് താല്പര്യം വർദ്ധിച്ചിട്ടുണ്ട്. ഡോക്‌ടർമാർ രോഗികൾക്ക് യോഗാസനങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ശാസ്ത്രീയവും സമഗ്രവുമായ യോഗയാണ് സ്വീകരിക്കേണ്ടത്. ക്യാപ്‌സൂൾ രൂപത്തിലുള്ള യോഗയെ ആശ്രയിക്കരുത്.""

സ്‌മിത പിള്ള

യോഗാദ്ധ്യാപിക

ഫൈവ് പോയിന്റ്സ് യോഗ സ്റ്റുഡിയോ