ട്രാൻസ്ജെൻഡർ-പൊലീസ് ഏറ്റുമുട്ടൽ: കൊട്ടാരക്കരയിൽ സി.ഐ അടക്കം 15 പൊലീസുകാർക്ക് പരിക്ക്

Friday 20 June 2025 12:13 AM IST

കൊല്ലം: കൊട്ടാരക്കരയിൽ ട്രാൻസ്ജെൻഡർമാർ നടത്തിയ എസ്.പി ഓഫീസ് മാർച്ചും ധർണയും സംഘർഷത്തിൽ കലാശിച്ചു. ഏറ്റുമുട്ടലിൽ സി.ഐ ഉൾപ്പടെ 15 പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. സോഡാക്കുപ്പിക്കുള്ള ഏറിൽ കൊട്ടാരക്കര സി.ഐ ജയകൃഷ്ണന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

നാലുവർഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘർഷത്തിൽ ട്രാൻസ് വിഭാഗത്തിലെ ആറുപേർക്കെതിരെ കേസെടുത്തിരുന്നു. കേസ് റദ്ദാക്കി കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ട്രാൻസ് വിഭാഗം ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഗാന്ധിമുക്കിൽ വച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതോടെ സമരക്കാർ കൊട്ടാരക്കര- ഓയൂർ റോഡ് ഉപരോധിച്ചു. പൊലീസ് അനുരഞ്ജന ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.

റൂറൽ എസ്.പി കെ.എം.സാബുമാത്യു വിഷയത്തിൽ ഇടപെട്ട് നേതാക്കളുമായി എസ്.പി ഓഫീസിൽ ചർച്ച നടത്തി. ഈ സമയത്താണ് പ്രതിഷേധം വകവയ്ക്കാതെ ഇരുചക്ര വാഹന യാത്രക്കാരൻ കടന്നുപോകാൻ ശ്രമിച്ചത്. സമരക്കാർ ഇദ്ദേഹത്തെ കല്ലുമായി ആക്രമിക്കാൻ ചെന്നതോടെ പൊലീസ് ഇടപെട്ടു. ഡിവൈ.എസ്.പി ബൈജുകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. സമരക്കാരെ ഒരു ഭാഗത്തേക്ക് ബലപ്രയോഗത്തിലൂടെ നീക്കാൻ ശ്രമിച്ചെങ്കിലും സംഘർഷമായി. പൊലീസ് ലാത്തിവീശി സമരക്കാരെ നേരിട്ടു. ഇതിൽ ചിലർ ലാത്തി കൈക്കലാക്കി പൊലീസിനെയും തിരിച്ചാക്രമിച്ചു.

ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളും അടിപിടിയുമായി. വാഹനങ്ങൾക്ക് നേരെയും ആക്രമണം നടന്നു. സമീപത്തെ കടയിലെ സോഡാ കുപ്പികൾ എടുത്താണ് പൊലീസുകാരുടെ നേർക്കെറിഞ്ഞത്. ഏറെനേരത്തെ സംഘർഷത്തിനിടയിലാണ് പതിനഞ്ച് പൊലീസുകാർക്ക് പരിക്കേറ്റത്. സമരക്കാരിൽ പലർക്കും പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സി.ഐയ്ക്ക് തലയിൽ ആറ് തുന്നൽ വേണ്ടിവന്നു.

20 പേർ അറസ്റ്റിൽ

റോഡ് ഉപരോധിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതോടെയാണ് പൊലീസ് ഇടപെട്ടത്. തുടർന്ന് സമരക്കാരായ ഇരുപതുപേരെ അറസ്റ്റ് ചെയ്തു. ഇവരെ കുന്നിക്കോട് സ്റ്റേഷനിലേക്ക് മാറ്റി. പരിക്കേറ്റ പൊലീസുകാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ റൂറൽ എസ്.പി കെ.എം.സാബുമാത്യു സന്ദർശിച്ചു.