വായനാദിനത്തിൽ: പുസ്തകങ്ങൾ ശേഖരിച്ച് പഞ്ചായത്ത് മെമ്പറും ഹരിതകർമ്മ സേനയും

Friday 20 June 2025 12:14 AM IST

കൊല്ലം: 'പ്ലാസ്റ്റിക് എടുത്തുവച്ചിട്ടുണ്ടോ ചേച്ചീ...' എന്ന ചോദ്യവുമായാണ് മയ്യനാട് പഞ്ചായത്ത് പതിനാറാം വാർഡിലെ ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിലെത്തിയത്. പ്ലാസ്റ്റിക്കും യൂസർ ഫീസും വാങ്ങി തൊട്ടടുത്ത വീട്ടിലേക്ക് പോകും മുമ്പ് ചെറുചിരിയോടെ ഒരു ചോദ്യം കൂടി...'പുസ്തകമുണ്ടോ ചേച്ചി തരാൻ, ഞങ്ങളുടെ ലൈബ്രറിക്ക്.'

ചോദ്യം കേട്ട് ഞെട്ടിയ വീട്ടുകാരോട് അവർ പറഞ്ഞു. 'നമ്മുടെ മെമ്പറുടെ വലിയ സ്വപ്നമാണ് നിറയെ പുസ്തകങ്ങളുള്ള ലൈബ്രറി. ഇപ്പോൾ ആയിരത്തോളം പുസ്തകങ്ങളുണ്ട്. ഇനിയും വേണം ഒത്തിരി പുസ്തകങ്ങൾ.' ഹരിതകർമ്മ സേനാംഗങ്ങളെ ഒരു വീട്ടുകാരും നിരാശപ്പെടുത്തിയില്ല. വൈകിട്ടായപ്പോൾ പഞ്ചായത്ത് മെമ്പറുടെ കൈയിൽ അഞ്ച് കെട്ട് പുസ്തകങ്ങൾ എത്തിച്ചു.

വാർഡിൽ ഒരു ലൈബ്രറി എന്ന സ്വപ്നവുമായി മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ആർ.എസ്.അബിന്റെ നേതൃത്വത്തിൽ കുറച്ചുകാലമായി പുസ്തക ശേഖരണം നടക്കുകയാണ്. മയ്യനാട് താന്നിമുക്കിൽ 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പഞ്ചായത്തിലെ ഏറ്റവും വലിയ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയാണ് ലൈബ്രറിക്കായി കണ്ടെത്തിയിരിക്കുന്നത്. ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർമാരായ ഷീബാ ദേവദാസ്, സിനു പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തക ശേഖരണം നടത്തിയത്. ഒരാഴ്ചക്കാലം പുസ്തകങ്ങൾ ശേഖരിക്കാനാണ് മെമ്പറുടെയും ഹരിതകർമ്മ സേനാംഗങ്ങളുടെയും തീരുമാനം.