ഭാരതാംബ: രാജ്ഭവനിൽ നാടകീയ രംഗങ്ങൾ

Friday 20 June 2025 1:48 AM IST

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ രാജ്ഭവനിൽ നടന്നത് നാടകീയ രംഗങ്ങൾ. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് വിതരണചടങ്ങിൽ അദ്ധ്യക്ഷനായ മന്ത്രി വി.ശിവൻകുട്ടി 20മിനിറ്റ് വൈകി 11.20നാണ് രാജ്ഭവനിലെത്തിയത്. അപ്പോഴേക്കും ചിത്രത്തിലെ പുഷ്പാർച്ചന കഴിഞ്ഞ് വിളക്ക് തെളിച്ചിരുന്നു. മന്ത്രിയെ ഗവർണർ സ്വീകരിച്ച് സീറ്റിലിരുത്തി.

സ്വാഗതപ്രസംഗത്തിനു ശേഷം മന്ത്രിയുടെ അദ്ധ്യക്ഷപ്രസംഗം. ആർ.എസ്.എസ് ബന്ധമുള്ള ചിത്രം ശരിയായില്ലെന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോവുന്നെന്നും മന്ത്രി. ഗാന്ധിജിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ ചിത്രം വച്ചാലും കുഴപ്പമില്ലെന്നും ഭരണഘടനയ്ക്കുമേൽ ഒരു രാഷ്ട്ര സങ്കൽപ്പവുമില്ലെന്നും പറഞ്ഞു. മന്ത്രി ഇറങ്ങിയശേഷം മുഖ്യസംഘാടകനായ ഗൈഡ്സ് സെക്രട്ടറി പ്രഭാകരനും ഇറങ്ങിവന്നു.

പങ്കെടുത്ത 40കുട്ടികളെയും വിളിച്ചിറക്കാമായിരുന്നെങ്കിലും മാന്യത കൊണ്ട് ചെയ്തില്ലെന്നും മന്ത്രി. കാര്യപരിപാടിയിൽ പുഷ്പാർച്ചനയും വിളക്കുതെളിക്കലും ഉണ്ടായിരുന്നു. ചിത്രം വയ്ക്കുമെന്ന് അറിയിച്ചിരുന്നില്ലെന്നും വ്യക്തമാക്കി. ഗവർണർക്ക് രാഷ്ട്രീയലക്ഷ്യമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് തുറന്നടിച്ചതിനു പിന്നാലെ രാജ്ഭവനിൽ നിന്ന് മന്ത്രിക്കെതിരെ വാർത്താക്കുറിപ്പിറക്കി. പ്രോട്ടോക്കോൾ ലംഘിച്ചെന്ന് രാജ്ഭവൻ ആരോപിച്ചതോടെ ഗവർണർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി വീണ്ടും രംഗത്തെത്തി.

പിന്നാലെ ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്കും എ.ബി.വി.പി ശിവൻകുട്ടിയുടെ വസതിയിലേക്കും മാർച്ച് നടത്തി. സി.പി.ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ആർ.എസ്.എസിന്റെ കൊടിയും ചിഹ്നവുമായി രാജ്ഭവൻ മുന്നോട്ടു പോവട്ടെ, അപ്പോൾ കാണാമെന്നും മന്ത്രി ശിവൻകുട്ടി പിന്നീട് പ്രതികരിച്ചു.