കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം

Friday 20 June 2025 12:50 AM IST

പാലക്കാട്: മുണ്ടൂരിൽ പുലർച്ചെ വീടിന് പുറത്തിറങ്ങിയ ഗൃഹനാഥൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. പുതുപ്പരിയാരം പഞ്ചായത്ത് രണ്ടാംവാർഡ് ഞാറക്കോട് സ്വദേശി കുമാരനാണ് (61) മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ വീടിന് പുറത്തുള്ള ടോയ്‌‌ലെറ്റിലേക്ക് പോയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ ചിന്നംവിളി കേട്ട് ഭാര്യ ലത പുറത്തേക്ക് വന്നപ്പോഴാണ് കുമാരന്റെ മൃതദേഹം കാണുന്നത്. ശരീരമാകെ ചുരുട്ടികൂട്ടിയ നിലയിലായിരുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ടോടെ മൃതദേഹം സംസ്കരിച്ചു.കാട്ടാനയുടെ ആക്രമണത്തിൽ കുമാരന്റെ വാരിയെല്ലിനും നട്ടെല്ലിനും കഴുത്തെല്ലിനും പൊട്ടലുണ്ടായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുമാരന്റെ മക്കൾ: രതീഷ്,രജിത. മരുമക്കൾ: രമ്യ,സുദേശൻ.

 ആനയെ തുരത്തും

കാട്ടാനയെ കുങ്കി ആനകളെ ഉപയോഗിച്ച് ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ദൗത്യം വനംവകുപ്പ് ആരംഭിച്ചു. ജില്ലയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് കുമാരൻ. മേയ് 19ന് എടത്തുനാട്ടുകര സ്വദേശി ഉമ്മർ,31ന് അട്ടപ്പാടി സ്വദേശി മല്ലൻ,​രണ്ട് മാസം മുമ്പ് കുമാരന്റെ വീടിനു സമീപം കയറാങ്കോട് സ്വദേശി അലൻ എന്നിവർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

മൃതദേഹവുമായി പ്രതിഷേധം

കാട്ടാന ആക്രമണം പെരുകുമ്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കുമാരന്റെ മൃതദേഹം സംഭവ സ്ഥലത്തുനിന്ന് മാറ്റാതെ നാട്ടുകാർ മണിക്കൂറുകളോളം പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. തുടർന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക,വി.കെ.ശ്രീകണ്ഠൻ എം.പി, എ.പ്രഭാകരൻ എം.എൽ.എ, ഡി.എഫ്.ഒ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ചനടത്തി. കുമാരന്റെ മകന് സർക്കാർ സർവീസിൽ താത്കാലിക ജോലി നൽകുമെന്നുള്ള ഉറപ്പിൽ പ്രതിഷേധം അവസാനിച്ചു. കുമാരന്റെ കുടുംബത്തിനുള്ള 10 ലക്ഷം നഷ്ടപരിഹാരത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ വൈകിട്ടോടെ കൈമാറി.