ഡിപ്പോ പരിസരത്ത് ഇനി ഈ 'പണി' വേണ്ട; ഫോട്ടോ ഉൾപ്പെടെയുള്ള തെളിവുമായി ഉദ്യോഗസ്ഥർ വീട്ടിലെത്തും

Friday 20 June 2025 10:59 AM IST

തിരുവനന്തപുരം: ഡിപ്പോ പരിസരത്ത് മാലിന്യം വലിച്ചെറിയുന്നവരും കവറിൽ കെട്ടിക്കൊണ്ട് വന്ന് തള്ളുന്നതും നിരീക്ഷിക്കാനൊരുങ്ങി കെഎസ്‌ആർടിസി. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സിസിടിവി നിരീക്ഷണം ശക്തമാക്കുകയാണ് ലക്ഷ്യം. സിസിടിവി സ്ഥിരമായി നിരീക്ഷിക്കാൻ കെഎസ്‌ആർടിസി ഐടി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കെഎസ്‌ആർടിസി ഡിപ്പോ പരിസരങ്ങളെ വേസ്റ്റ് ബിന്നായി കാണുന്നവർ ഏറെയാണ്. ഇങ്ങനെയുള്ളവരെ പിടികൂടാനാണ് കെഎസ്‌ആർടിസിയുടെ നീക്കം. ഡിപ്പോകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ സ്ഥിരമായി നിരീക്ഷിച്ച് ഈ മാലിന്യ നിക്ഷേപ സംഘങ്ങളെ പിടികൂടാൻ ഇനി ഉദ്യോഗസ്ഥർ മുഴുവൻ സമയവും ഉണ്ടാവും. മാലിന്യം തള്ളുന്നത് കണ്ടാൽ വിവരം ഉടനടി യൂണിറ്റ് ഓഫീസറെ അറിയിക്കും. കൃത്യമായ തെളിവുകൾ ശേഖരിക്കും. ശേഷം സമയം, സ്ഥലം, മാലിന്യം കണ്ട രീതി, തെളിവ് എന്നിവയെല്ലാം ചേർത്ത് സ്വയംഭരണ വകുപ്പിന്റെ വാട്‌സാപ്പ് നമ്പറായ 9446700800ലേക്ക് അയക്കും.

പിഴയും ശിക്ഷയുമെല്ലാം തദ്ദേശ വകുപ്പ് തീരുമാനിക്കും. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് എവിടെയാണെങ്കിലും ചിത്രം പകർത്തി തദ്ദേശ തദ്ദേശ വകുപ്പിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ച് റിപ്പോർട്ട് ചെയ്യാൻ എല്ലാ ജീവനക്കാർക്കും നിർദേശവും നൽകി. കെഎസ്‌ആർടിസി ജീവനക്കാർക്കും മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമാകാനുള്ള അവസരമാണിത്.