തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കും; തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനത്തിന് ഉടൻ മടക്കമില്ല
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് ചെയ്ത ബ്രിട്ടീഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ഒരാഴ്ചയിലേറെ സമയമെടുക്കുത്തേക്കും. വിമാനവാഹിനി കപ്പലിൽ നിന്ന് കഴിഞ്ഞ ദിവസമെത്തിയ രണ്ട് എഞ്ചിനീയർമാർക്ക് തകരാർ പരിഹരിക്കാനായിട്ടില്ല. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽ നിന്ന് വിദഗ്ദ്ധർ ഉടൻ എത്തുമെന്നാണ് വിവരം.
ഇന്ധനം കുറഞ്ഞതോടെ അടിയന്തര ലാൻഡിംഗ് നടത്തിയപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് വിമാനം മാറ്റിയേക്കും. ഇന്തോ -പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്ൽസിൽ നിന്ന് പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരത്ത് ഇറക്കിയത്.