ഷൈനിംഗ് സ്റ്റാർ
ക്യാമറയുടെ പിന്നിൽ നിന്ന് മുന്നിൽ വന്നു തിളങ്ങുകയാണ് ഷൈനി സാറ.കുഞ്ചാക്കോ ബോബന്റെയും ആസിഫ് അലിയുടെയും അർജുൻ അശോകന്റെയും ചിന്നു ചാന്ദിനിയുടെയും അമ്മയായി കസറി ഷൈനി സാറ 'ആഭ്യന്തര കുറ്റവാളി"യിൽ വക്കീൽ വേഷത്തിൽ എത്തി നിൽക്കുന്നു .സിനിമയിൽ സൂപ്പർ യാത്ര നടത്തുമ്പോൾ കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ടോം ആൻഡ് ജെസി"യിൽ എലിസബത്ത് ലാറ എന്ന കഥാപാത്രത്തെ അവരിപ്പിച്ച് കൈയടി നേടുന്നു . വിശേഷങ്ങളുമായി ഷൈനി സാറ ചേരുന്നു.
സഹസംവിധായികയായി
തുടക്കം
അഭിനയമായിരുന്നു താത്പര്യം . എന്നാൽ അപ്പോൾ സാഹചര്യം ഒത്തുവന്നില്ല . സംവിധായകൻ ജയരാജിനെ കണ്ടത് വഴിത്തിരിവായി. 'കളിയാട്ടം" സിനിമയിൽ സഹസംവിധായികയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ജയരാജിന്റെ ആറു സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിച്ചു. രാജേഷ് കെ.എബ്രഹാം സംവിധാനം ചെയ്ത 'ആറു സുന്ദരികളുടെ കഥ", ഫഹദ് ഫാസിൽ നായകനായ 'ഹരം" തുടങ്ങിയ സിനിമയിലും അസിസ്റ്റന്റായി .
പകരക്കാരിയായി
അഭിനയം
'ആറു സുന്ദരികളുടെ കഥ"യിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. അതിലെ കഥാപാത്രം അവതരിപ്പിക്കാൻ നിശ്ചയിച്ച നടി എത്താത്തതിനാൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നീട് 'ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി"യിൽ അഭിനയിച്ചു. മഹേഷിന്റെ പ്രതികാരത്തിൽ അനുശ്രീയുടെ അമ്മയായി അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. ഭീമന്റെ വഴിയിൽ കുഞ്ചാക്കോ ബോബന്റെയുംസൺഡേ ഹോളിഡേയിൽ ആസിഫ് അലിയുടെയും ജൂണിൽ അർജുൻ അശോകന്റെയും അമ്മയായി. കാതൽ, ജൂൺ എന്നീ സിനിമകളിൽ ഒറ്റ സീൻ ആണെങ്കിലും ശ്രദ്ധിക്കപ്പെട്ടു.മോഡേൺ, നാടൻ അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യനാണ് ആഗ്രഹം. 93 സിനിമയിൽ അഭിനയിച്ചു. ജയപ്രകാശ് കുളൂരിന്റെ ആക്ടിംഗ് കോഴ്സിൽ ചേർന്ന് അഭിനയം പഠിച്ചിട്ടുണ്ട്. അഭിനയം മെച്ചപ്പെടുത്താൻ പഠനം സഹായിച്ചു. മോഹൻലാൽ സംവിധാനം ചെയ്ത ബറോസിൽ മായ റാവുവിന് ലാംഗേജ് ട്രെയിനറായും പ്രവർത്തിച്ചു. സിറ്റ്കോമായ ടോം ആൻഡ് ജെസിയിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നതിന്റെ സന്തോഷം വലുതാണ്.
ഗാന രചയിതാവും
2009ൽ 'മൗനം പ്രണയം" എന്ന ആൽബത്തിന് പാട്ടുകൾ എഴുതി. വിനീത് ശ്രീനിവാസൻ ,വിജയ് യേശുദാസ് , ശ്വേത മോഹൻ തുടങ്ങിയവരാണ് ഗായകർ . പാട്ട് ഇഷ്ടപ്പെട്ട വിജയ് യേശുദാസ് ആൽബം നിർമ്മിച്ചു. മമ്മൂട്ടിയും യേശുദാസും ചേർന്നാണ് റിലീസ് ചെയ്ത്. പാട്ടുകൾ ഹിറ്രായെങ്കിലും പിന്നീട് അവസരം ലഭിച്ചില്ല. അഭിനയത്തിൽ തുടരാനാണ് താതാപര്യം. സംവിധാനം ആഗ്രഹവുമാണ്.മാദ്ധ്യമരംഗത്തും കുറച്ചുനാൾ പ്രവർത്തിച്ചു. പൊന്നാനി ആണ് നാട്. 22 വർഷമായി എറണാകുളത്ത് താമസം. ഭർത്താവ് ജോൺ കോശി. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു.